രോഗവ്യാപന ഭീതിയില്‍ തമിഴ്‌നാട്; രാജ്യത്ത് രണ്ടാം സ്ഥാനം തമിഴ്‌നാടിന്, മാര്‍ക്കറ്റ് തുറക്കാന്‍ സര്‍ക്കാര്‍ നീക്കം

ചെന്നൈ: കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ കേരളം ശക്തമായ പ്രതിരോധം തീര്‍ക്കുമ്പോഴും അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ അവസ്ഥ അതീവ ഗുരുതരമായി തുടരുന്നു. രാജ്യത്ത് ഏറ്റവുമധികം രോഗികളുള്ള മഹാരാഷ്ട്രയോടും ഗുജറാത്തിനോടും രോഗികളുടെ എണ്ണത്തില്‍ മത്സരിക്കുന്ന രീതിയിലാണ് ഇവിടെ രോഗ വ്യാപനം ഉണ്ടാകുന്നത്.

തലസ്ഥാനമായ ചെന്നൈയിലടക്കം അതി ഭീകരമായ രീതിയില്‍ രോഗ വ്യാപനം ഉണ്ടായിട്ടും സര്‍ക്കാര്‍ നിസംഗരായ കാഴ്ചക്കാരായി മാറുകയാണ്. തമിഴ്‌നാട്ടില്‍ ഇന്നലെ 1149ല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കേസുകള്‍ 22,333ലെത്തി. രാജ്യത്ത് രണ്ടാം സ്ഥാനത്തുണ്ടായ ഗുജറാത്തിനെ പിന്തള്ളി രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ തമിഴ്‌നാട് ഉള്ളത്.

ഇന്നലെ 13 പേര്‍ മരിച്ചതോടെ ആകെ എണ്ണം 173 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് 9400 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രോഗികളില്‍ 14065 പേര്‍ പുരുഷന്മാരും 8259 പേര്‍ സ്ത്രീകളുമാണ്. ഒന്‍പത് ട്രാന്‍സ്ജെന്‍ഡറുകളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രാജ്യത്ത് ജൂണ്‍ 30 വരെ ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും മാര്‍ക്കറ്റുകള്‍ തുറക്കാനുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Content Highlight: Tami Nadu on Covid spread scares, 22333 cases reported