സഭ്യതയുടെ എല്ലാ അതിരുകളും കടന്നു; ഓണ്‍ലൈന്‍ അധ്യാപകരെ അവഹേളിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

തിരുവനന്തപുരം: ഓണ്‍ലൈനായി ക്ലാസ് എടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധര്‍ ദുരുപയോഗം ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനായി ആവിഷ്‌ക്കരിച്ചിരിക്കുന്ന ബദല്‍ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികള്‍ ശരിയല്ല. നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടാകണമെന്നും കേരള പൊലീസ് വ്യക്തമാക്കി.

ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആവിഷ്ക്കരിച്ചിരിക്കുന്ന ബദൽ സംവിധാനങ്ങളെയും അധ്യാപക…

Gepostet von Kerala Police am Montag, 1. Juni 2020

കുട്ടികള്‍ക്കായി ക്ലാസ് എടുക്കുന്ന അധ്യാപകരുടെ വീഡിയോകള്‍ സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് സൈബറിടത്തില്‍ ചിലര്‍ അവതരിപ്പിക്കുന്നത് കണ്ടെന്നും ഇത് അത്യന്തം വേദനാജനകമാണെന്നും കൈറ്റ് വിക്ടേഴ്‌സ് സിഇഒ അന്‍വര്‍ സാദത്ത് നേരത്തെ പ്രതികരിച്ചിരുന്നു. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അധ്യാപികമാരെ അവഹേളിക്കാന്‍ ശ്രമിച്ചവര്‍ തീ കൊണ്ടാണ് കളിച്ചതെന്ന് മന്ത്രി തോമസ് ഐസക് പ്രതികരിച്ചു. കേരളത്തിന്റെ അഭിമാനമാണ് ഈ അധ്യാപകര്‍. പക്ഷേ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, സഭ്യേതരമായ ഭാഷയില്‍ ഇവരെ അവഹേളിക്കുന്ന വികൃത മനസുകളെയും നാമിന്ന് കണ്ടു. ഇതിന് ഇരയായ ടീച്ചര്‍മാര്‍ വിഷമിക്കരുതെന്നും ശക്തമായ നടപടി തന്നെ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Content Highlight: Police will take action on those who insult the Online teachers