കൊവിഡ് കേസുകള്‍ നിയന്ത്രിക്കാനാകാതെ തമിഴ്‌നാട്; എങ്കിലും തീവ്രബാധിത മേഖലകളുടെ എണ്ണം കുറച്ചതായി സര്‍ക്കാര്‍

ചെന്നൈ: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടെ ആശങ്കയുയര്‍ത്തി തമിഴ്‌നാടും. അഞ്ഞൂറിലധികം കൊവിഡ് കേസുകളാണ് ദിനം പ്രതി തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് 19നും 31 നും ഇടയില്‍ തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കുറഞ്ഞ കേസുകളുടെ എണ്ണം 510 ആണ്. കൂടുതല്‍ 804.

തുടക്കത്തില്‍ 1150 തീവ്രബാധിത മേഖലകള്‍ നിശ്ചയിച്ചിരുന്ന തമിഴ്‌നാട്ടില്‍, പിന്നീട് മേഖലകള്‍ കുറച്ചു. മെയ് അവസാനത്തോടെ കൊവിഡ് കേസുകളുടെ എണ്ണം നിലനില്‍ക്കുമ്പോഴും, ചെന്നൈ കോര്‍പൊറേഷന്‍ അത് 201 ആയി വെട്ടിച്ചുരുക്കി. കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലും തീവ്രബാധിത മേഖലകളെ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ചോദ്യം ഉയര്‍ന്നിരുന്നു.

തുടക്കത്തില്‍, കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയില്‍ നിന്നും കുടുംബത്തില്‍ നിന്നും 5 കിലോമീറ്റര്‍ അകലം പാലിക്കാന്‍ ചെന്നൈ കോര്‍പൊറേഷന്‍ ശ്രദ്ധിച്ചിരുന്നു. കൂടാതെ, തീവ്രബാധിത മേഖലകള്‍ക്കടുത്തുള്ള പ്രദേശങ്ങളെയും നിയന്ത്രണത്തിലാക്കിയിരുന്നു. അതോടൊപ്പം തന്നെ ഒരു കേസ് സ്ഥിരീകരിക്കുന്ന പ്രദേശം പോലും തീവ്രബാധിത മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.

എന്നാല്‍, പിന്നീട് ഒരു വ്യക്തിയുടെ പേരില്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കരുതെന്ന തീരുമാനം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എടുത്തതോടെയാണ് മേഖലകളുടെ എണ്ണം 201 ആയി ചുരുങ്ങിയത്. തമിഴ്‌നാട് അന്നത്തെ അതേ തീരുമാനത്തില്‍ ഉറച്ച് നിന്ന് സാമൂഹിക അകലമടക്കം ജനങ്ങളില്‍ പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍ കേസുകളുടെ എണ്ണത്തില്‍ വലിയൊരു കുറവ് തന്നെ പ്രകടമായേനെ.

Content Highlight: Great Chennai Corporation reduces hot spots amid the Covid number increases