കുടുങ്ങി കിടക്കുന്ന എല്ലാ അതിഥി തൊഴിലാളികളേയും 15 ദിവസത്തിനുള്ളിൽ അവരുടെ നാടുകളിലെത്തിക്കണം; സംസ്ഥാനങ്ങളോട് സുപ്രീം കോടതി

Supreme Court gives 15 days to states to transport migrant labourers back home

എല്ലാ സംസ്ഥാന സർക്കാരുകളും പല ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികളെ 15 ദിവസത്തിനുള്ളിൽ അവരുടെ നാളുകളിലെത്തിക്കണമെന്ന് സുപ്രീം കോടതി. ലോക്ക് ഡൗൺ പ്രതിസന്ധിയിൽ കുടുങ്ങിപോയ അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങൾ സംബന്ധിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. 

‘എല്ലാ അതിഥി തൊഴിലാളികളേയും അവരുടെ നാട്ടിലെത്തിക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും 15 ദിവസം നൽകുന്നു. അതിഥി തൊഴിലാളികൾക്ക് തൊഴിലും മറ്റ് തരത്തിലുള്ള ആശ്വാസ പദ്ധതികളും എങ്ങനെയാണ് നൽകാൻ ഉദ്ദേശിക്കുന്നതെന്ന് എല്ലാ സംസ്ഥാനങ്ങളും കൃത്യമായി രേഖപ്പെടുത്തണം. എല്ലാ അതിഥി തൊഴിലാളികളുടേയും പൂർണവിവരങ്ങൾ അതാത് സംസ്ഥാനങ്ങളിലെ സർക്കാർ രേഖകളിൽ ഉണ്ടായിരിക്കണം’. സുപ്രീം കോടതി പറഞ്ഞു. ഏകദേശം ഒരു കോടി അതിഥി തൊഴിലാളികളെ നാടുകളിലേക്ക് എത്തിച്ചെന്ന് സൊളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. റോഡ് മാർഗം വഴി 41 ലക്ഷം തൊഴിലാളികളേയും ട്രെയിനിലൂടെ 57 ലക്ഷം പേരേയും നാട്ടിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ 2 ലക്ഷം അതിഥി തൊഴിലാളികൾ ഇപ്പോൾ ഉണ്ടെന്നും ഇതിൽ പതിനായിരത്തിൽ താഴെ മാത്രം തൊഴിലാളികളാണ് സ്വന്തം നാടുകളിൽ പോകാൻ താൽപര്യം പ്രകടിപ്പിച്ചതെന്നും ഡൽഹി സർക്കാരിനെ പ്രതിനിധീകരിച്ച് എത്തിയ അഡീഷണൽ സൊളിസിറ്റർ ജനറൽ സജ്ഞയ് ജെയിൻ കോടതിയിൽ പറഞ്ഞു. ഉത്തർപ്രദേശ് സർക്കാരും ഇതേ അഭിപ്രായമാണ് കോടതിയിൽ പറഞ്ഞത്. കൂടുതൽ തൊഴിലാളികളും സ്വന്തം നാടുകളിലേക്ക് പോകാൻ താത്പര്യം കാണിക്കുന്നില്ലെന്നാണ് സംസ്ഥാനങ്ങളുടെ വാദം.

content highlights: Supreme Court gives 15 days to states to transport migrant laborers back home