കൊച്ചി: ലോക്ക്ഡൗണില്‍ വന്‍ നഷ്ടം നേരിട്ട ബസ് തൊഴിലാളികള്‍ക്ക് ആശ്വാസമായി നിരക്ക് കൂട്ടാനുള്ള ഹൈക്കോടതി വിധി. കൂട്ടിയ ബസ് ചാര്‍ജ് കുറച്ച നടപടി സര്‍ക്കാര്‍ രണ്ടാഴ്ച്ചത്തേക്ക് സ്റ്റേ ചെയ്തു. നാളെ മുതല്‍ സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാം.
ബസ് ചാര്‍ജ് കുറച്ചതിനെതിരെ സ്വകാര്യ ബസ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ഇളവുകളുടെ ഭാഗമായി ബസ് ഓടി തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. നഷ്ടം പരിഹരിക്കാനായി സര്‍ക്കാര്‍ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നെങ്കിലും പിന്നീട് എല്ലാ സീറ്റിലും യാത്രക്കാര്‍ എന്ന അനുമതി വന്നതോടെ ബസ് ചാര്‍ജ് പഴയപടി ആക്കുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തെ തരണം ചെയ്യാനാകില്ലെന്ന് കണ്ടതോടെ ബസ് ജീവനക്കാര്‍ പണിമുടക്കിലേക്ക് നീങ്ങി. തിങ്കളാഴ്ച്ചയും, ചൊവ്വാഴ്ച്ചയും ചില സ്വകാര്യ ബസുകള്‍ മാത്രമാണ് സംസ്ഥാനത്ത് നിരത്തിലിറങ്ങിയത്.
ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കുന്നത് വരെ ഉയര്‍ന്ന നിരക്ക് തുടരാനാണ് കോടതി നിര്‍ദ്ദേശം. സാമൂഹിക അകലം പാലിച്ചാണ് ബസില്‍ യാത്രചെയ്യാന്‍ അനുമതി. ഉത്തരവിന് താല്കാലിക സ്റ്റേ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
Content Highlight: High court imposed stay on Kerala Government’s decision on bus charge hike