ഫെബ്രുവരി പകുതിയോടെ ശമ്പള പരിഷ്‌കരണ ഉത്തരവിറക്കാന്‍ ധനവകുപ്പ്; കുറഞ്ഞ ശമ്പളം 23,000-25,000 ത്തിനും ഇടയിലായേക്കും

തിരുവനന്തപുരം: ഫെബ്രുവരി പകുതിയോടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച ഉത്തരവിറക്കാന്‍ ധനവകുപ്പിന്റെ തീരുമാനം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് ബജറ്റില്‍ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ധനവകുപ്പിന്റെ തീരുമാനം. ശമ്പള പരിഷ്‌കരണം നിലവില്‍ വരുന്നതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000ത്തിനും 25,000ത്തിനും ഇടയിലായേക്കാനാണ് സാധ്യത.

ശമ്പളക്കമ്മീഷന്‍ ഇത് സംബന്ധിച്ച് ദിവസങ്ങള്‍ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ശമ്പള പരിഷ്‌കരണം നിലവില്‍ വരുന്നതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം 23,000ത്തിനും 25,000ത്തിനും ഇടയിലും, കൂടിയ ശമ്പളം 1.40ലക്ഷം രൂപയ്ക്കും അടുത്താകും. നിലവില്‍ കുറഞ്ഞ ശമ്പളം 16,500 രൂപയും കൂടിയ ശമ്പളം 1.20 ലക്ഷവുമാണ്. കുറഞ്ഞ ശമ്പളം വാങ്ങുന്നവര്‍ക്ക് കൂടുതല്‍ വര്‍ദ്ധനയും കൂടിയ ശമ്പളം വാങ്ങുന്നവര്‍ക്ക് കുറഞ്ഞ നിരക്കിലുള്ള വര്‍ദ്ധനയും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

കുറഞ്ഞ ശമ്പളം 25,000 രൂപയാക്കണമെന്നാണ് സര്‍വീസ് സംഘടനകളുടെ ആവശ്യം. കൂടിയ ശമ്പളം 1.40 ലക്ഷം രൂപയാകുന്നതോടെ കൂടിയ പെന്‍ഷന്‍ 70,000 രൂപയാകും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 12 ശതമാനം വര്‍ദ്ധനവ് വരുത്തുന്ന വിധം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് ഇത് 10 ശതമാനത്തില്‍ കൂടരുതെന്നാണ് സര്‍ക്കാരും ശമ്പള കമ്മീഷനും തമ്മിലുള്ള ധാരണ.

Content Highlights: Pay Commission Report Minimum Salary