ബസ് ചാർജ് വർധിക്കില്ല; മുൻ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

no hike in bus charges after lockdown division bench stays single bench order

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കില്ല. കൂട്ടിയ ബസ് നിരക്ക് പുനസ്ഥാപിച്ച സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്. ബസ് ഉടമകൾക്ക് സാമ്പത്തിക ബാധ്യതയില്ലെന്നും, ലോക്ക്ഡൌണിൻ്റെ പശ്ചാത്തലത്തിൽ ബസ് ഉടമകൾക്കുള്ള ടാക്സ് മൂന്ന് മാസത്തേക്ക് ഒഴിവാക്കി നൽകിയിട്ടുണ്ടെന്നും, അതുകൊണ്ടു തന്നെ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും സർക്കാർ പറഞ്ഞു.

മോട്ടോർ വാഹന നിയമ പ്രകാരം ചാർജ് വർധന അടക്കമുള്ള കാര്യങ്ങൾ സർക്കാരിന് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും അതിൽ കോടതി ഇടപെടുന്നത് ശരിയല്ലെന്നും സർക്കാർ വ്യക്തമാക്കി. സാമൂഹിക അകലം പാലിച്ചു കൊണ്ട് ബസ്സുകളിൽ 50 ശതമാനം യാത്രക്കാരെ അനുവദിക്കൂ എന്ന സ്ഥിതിയിലാണ് ബസ് ചാർജ് നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനം ആയത്. എന്നാൽ ലോക്ക്ഡൌണ ഇളവുകൾ വന്നതോടെ ഈ നിരക്ക് വർധനവ് സർക്കാർ പിൻവലിക്കുകയായിരുന്നു. ഇതിനെതിരെ ഒരു വിഭാഗം ബസ്സുടമകൾ ഹൈക്കോടതിയിലെത്തുകയായിരുന്നു.

ലോക്ക്ഡൌൺ ഇളവുകൾ വരുമ്പോൾ ബസ് സർവീസ് നടത്തുന്നവരുടെ സാമ്പത്തികാവസ്ഥ കൂടി പരിഗണിക്കണമെന്ന പരമാർശത്തോടെയാണ് സിംഗിൾ ബെഞ്ച് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തത്. ഹൈക്കോടതി വിധി മാനിച്ച് പഴയ നിരക്കിൽ ബസ് സർവീസ് നടത്താൻ ഉടമകൾ തയ്യാറാകണമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ ആവശ്യപെട്ടു. കൂടിയ നിരക്കിൽ വാഹനം സർവീസ് നടത്താമെന്ന് പറർ്ഞപ്പോൾ കാണിച്ച താൽപര്യം ഈ വിധിയുടെ കാര്യത്തിലും കാണിക്കണമെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴുള്ള പ്രതിസന്ധി ബസ് ഉടമകളുടെ ചില സംഘടനയിലെ നേതാക്കൾ ഉണ്ടാക്കിയതെന്നുംമന്ത്രി വിമർശിക്കുന്നു.

Content Highlights; no hike in bus charges after lockdown division bench stays single bench order