‘വീട്ടില്‍ യോഗ, കുടുംബത്തോടൊപ്പം യോഗ’ അന്താരാഷ്ട്ര യോഗദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: യോഗ ദിനം ഐക്യത്തിന്റെ ദിനമാണെന്നും എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരാന്‍ യോഗക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആറാമത് അന്താരാഷ്ട്ര യോഗദിനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സാര്‍വത്രിക സാഹോദര്യത്തിന്റെ ദിനമാണ് യോഗ ദിനം. വീട്ടില്‍ യോഗ, കുടുംബത്തോടൊപ്പം യോഗ എന്നതാണ് ഇത്തവണത്തെ യോഗ ദിന സന്ദേശം. എല്ലാ സാമൂഹിക ഒത്തുചേരലുകളും ഒഴിവാക്കി കുടുംബത്തോടൊപ്പം യോഗ ചെയ്യണം. കുടുംബാംഗങ്ങള്‍ ഒരുമിച്ച് യോഗ ചെയ്യുമ്പോള്‍ അത് വീട്ടിലാകെ ഊര്‍ജ്ജം നല്‍കുമെന്നും മോദി പറഞ്ഞു.

കോവിഡ് 19ന്റെ സാഹചര്യത്തില്‍ ലോകം യോഗയെ കൂടുതല്‍ ഗൗരവത്തോടെ നോക്കിക്കാണുകയാണ്. രോഗപ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കാന്‍ യോഗാസനത്തിന് സാധിക്കും. ഇത് നമ്മുടെ പേശികളെയും ഉപാപചയ പ്രവര്‍ത്തനങ്ങളെയും ശക്തിപ്പെടുത്തും. കൊറോണ വൈറസ് നമ്മുടെ ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുന്നത്. യോഗയിലെ പ്രാണായാം നമ്മെ സുരക്ഷിതരായി നിര്‍ത്താനുള്ള മികച്ച മാര്‍ഗമാണ്. പ്രാണായാം ദിനചര്യയില്‍ ഉള്‍പ്പെടുത്തണമെന്നും മോദി പറഞ്ഞു.

2015 മുതലാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. 2014 ഡിസംബര്‍ 11നാണ് അന്താരാഷ്ട്രതലത്തില്‍ യോഗ ദിനം ആചരിക്കാനുള്ള തീരുമാനം ഐക്യരാഷ്ട്രസഭ കൈക്കൊണ്ടത്.

Content Highlight: PM Narendra Modi address the Nation on International Yoga Day