കൊവിഡ് പ്രതിസന്ധി രൂക്ഷം: തമിഴ്‌നാട് കര്‍ശന നിയന്ത്രണങ്ങളിലേക്ക്; മധുരയുള്‍പ്പെടെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. മധുര ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ജൂണ്‍ 31 വരെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. മധുര കോര്‍പ്പറേഷന്‍, പരവായ് ടൗണ്‍ പഞ്ചായത്ത്, മധുര ഈസ്റ്റ്, തിരുപാലന്‍ കേന്ദ്രം, എന്നിവിടങ്ങളിലാണ് സമ്പൂര്‍ണ്ണ അടച്ചിടല്‍ ഏര്‍പ്പെടുത്തുന്നത്. ഒപ്പം വെല്ലൂര്‍, റാണിപേട്ട് മേഖലയും സമ്പൂര്‍ണമായി അടച്ചിടും.

സമ്പൂര്‍ണ്ണ അടച്ചിടല്‍ നടപ്പാക്കുന്ന മേഖലയില്‍ പൊതു വിതരണ കേന്ദ്രങ്ങള്‍ രാവിലെ എട്ട് മുതല്‍ രണ്ട് വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ആറ് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് പ്രവര്‍ത്തനാനുമതി. തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 62000 കടന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ 2710 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിതര്‍ 62087 ആയി. ഇതില്‍ 1487 പേര്‍ ചെന്നൈയില്‍ നിന്നുള്ളവരാണ്. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 42752 ആയിരിക്കുകയാണ്. ചെന്നൈയില്‍ മാത്രം കൊവിഡ് ബാധിച്ച് 623 പേരാണ് ഇതുവരേയും മരണപ്പെട്ടിട്ടുള്ളത്.

കൊവിഡ് രോഗത്തിന്റെ തീവ്രതയയനുസരിച്ച് സംസ്ഥാനത്തെ എട്ട് സോണുകളാക്കി തിരിച്ച് കൊവിഡ് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതില്‍ തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള ചെന്നൈ എട്ടാമത്തെ സോണിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.നിലവില്‍ ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം. തിരുവള്ളൂര്‍സ ജില്ലകളില്‍ ജൂണ്‍ 30 വരെ സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

ഈ ജില്ലകളില്‍ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെങ്കിലും പാഴ്‌സല്‍ വിതരണം ചെയ്യാന്‍ മാത്രമാണ് നിര്‍ദേശം. ഒപ്പം ഓട്ടോ ടാക്‌സി സര്‍വ്വീസുകള്‍ നിരത്തില്‍ ഇറങ്ങാന്‍ പാടില്ല. അതേസമയം അത്യാവശ്യ സര്‍വീസുകള്‍ക്ക് വാഹനങ്ങള്‍ നിരത്തിലിറക്കാം.കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും നിര്‍ദേശം ഉണ്ട്.

Content Highlight: Tamil Nadu declares complete lockdown in towns including Madhurai during Covid Pandemic