ചൈനയുമായ വ്യാപാര ബന്ധം ഉപേക്ഷിക്കല്‍: കരാര്‍ റദ്ദാക്കാന്‍ കൂടുതല്‍ സമയം ആവശ്യമെന്ന് വ്യാപാര സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: ഗാല്‍വന്‍ വാലിയില്‍ ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍ ഉണ്ടായതോടെ ചൈനയുമായുള്ള കരാറുകള്‍ റദ്ദാക്കാനുള്ള ഇന്ത്യയുടെ നിലപാടിനെ എതിര്‍ത്ത് വ്യാപാര സ്ഥാപനങ്ങള്‍. ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്ത്‌ലാക്കണെമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തോടാണ് വ്യാപാര സ്ഥാപനങ്ങളുടെ പ്രതികരണം. ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തലാക്കാന്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു വ്യാപാര സ്ഥാപനങ്ങളുടെ ആവശ്യം. വിഷയത്തെ തുടര്‍ന്ന് റെയില്‍വേ മന്ത്രാലയമടക്കം ചൈനയുമായുള്ള നിക്ഷേപവും ഇറക്കുമതിയും വേണ്ടെന്ന് വെച്ചിരുന്നു.

ഫാര്‍മസ്യൂട്ടിക്കല്‍സ് മുതല്‍ ടെലികമ്മ്യൂണിക്കേഷന്‍, ഓട്ടോമൊബൈല്‍സ് വരെയുള്ള മേഖലകളില്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതു വരെയോ, ആഭ്യന്തര ശേഷി വര്‍ദ്ധിപ്പിക്കുന്നതുവരെയോ ചൈനയുമായുള്ള വ്യാപാര ബന്ധം തുടര്‍ന്നുകൊണ്ട് പോയില്ലെങ്കില്‍ അത് കമ്പനികളെയും, സമ്പദ്വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്നാണ് വ്യവസായ അസോസിയേഷനുകളുടെ നിലപാട്.

ധനകാര്യമന്ത്രിക്കും റവന്യൂ സെക്രട്ടറിയ്ക്കും അയച്ച കത്തില്‍ ഇന്ത്യ സെല്ലുലാര്‍ ആന്റ് ഇലക്ട്രോണിക്‌സ് പറഞ്ഞു: ‘40,000 കോടിയിലധികം ഉല്‍പാദനം നഷ്ടപ്പെട്ട ഇന്ത്യ സെല്ലുലാര്‍ ആന്റ് ഇലക്ട്രോണിക്‌സ് ഇതിനകം തന്നെ വളരെയധികം ദുരിതത്തിലാണെന്നും, മൂന്നുമാസമായി വന്‍ തോതിലുള്ള നഷ്ടങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങാന്‍ തുടങ്ങിയിരിക്കുകയാണെന്നും അസോസിയേഷന്‍ ചെയര്‍മാന്‍ പങ്കജ് മൊഹീന്ദ്രൂ ധനകാര്യമന്ത്രിക്കും റവന്യൂ സെക്രട്ടറിയ്ക്കും അയച്ച കത്തില്‍ സൂചിപ്പിക്കുന്നു. നിലവിലത്തെ സാഹചര്യത്തില്‍ മുന്‍കൂട്ടി അറിയിക്കാതെയുള്ള പ്രവര്‍ത്തികള്‍ വളരെയധികം ദോഷം ചെയ്യുമെന്നാണ് അസോസിയേഷന്റെ പക്ഷം.

ടെലികോം, ഓട്ടോമൊബൈല്‍, കൂടുതല്‍ വിറ്റുവരവുള്ള ഉപഭോക്തൃവസ്തുക്കള്‍ തുടങ്ങിയ മേഖലകളിലെ ഇന്ത്യയിലെ 50 ഓളം അമേരിക്കന്‍ നിര്‍മാണ സ്ഥാപനങ്ങളെയും ബാധിച്ച ഈ പ്രശ്‌നത്തില്‍ വാണിജ്യ-ധനകാര്യ മന്ത്രാലയങ്ങളുമായി ആശങ്ക പ്രകടിപ്പിക്കാന്‍ യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

അതേസമയം, ചൈനയുടെ പ്രത്യക്ഷമായ ആക്രമണത്തോടെ, അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ ചൈനയില്‍ നിന്ന് ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്ത്യക്ക് സ്വന്തമായി നിര്‍മ്മിക്കാന്‍ കഴിയുമെന്ന കാഴ്ച്ചപ്പാടും ഇന്ത്യന്‍ വ്യവസായത്തിലെ ചില നേതാക്കള്‍ പങ്കുവെക്കുന്നുണ്ട്.

Content Highlight: Trade bodies asked more time to abandon Trade relations with China