ഇന്ത്യ-ചൈന സംഘര്‍ഷം: തുറമുഖങ്ങളില്‍ ചൈനയില്‍ നിന്നുള്ള ചരക്ക് കെട്ടിക്കിടക്കുന്നതിനെ വിമര്‍ശിച്ച് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ഗാല്‍വന്‍വാലിയില്‍ നടന്ന ഇന്ത്യ-ചൈന ഏറ്റുമുട്ടലിനു പിന്നാലെ ചൈനയുമായുള്ള വ്യവസായ ബന്ധം ഉപേക്ഷിക്കാനുള്ള നീക്കം ആരംഭിച്ച മോദി സര്‍ക്കാരിനെതിരെ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. തുറമുഖങ്ങളില്‍ ചൈനയില്‍ നിന്നുള്ള ചരക്ക് പിടിച്ച് വെക്കുന്നത് ഇന്ത്യക്ക് ദോഷം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഇറക്കുമതി കുറക്കലാണ് ലക്ഷ്യമെങ്കില്‍ കൂടുതല്‍ നികുതി ചുമത്തുകയാണ് വേണ്ടതെന്നും, ഇറക്കുമതി ചെയ്യപ്പെട്ട വസ്തുക്കള്‍ കെട്ടിക്കിടക്കുന്നത് ചൈനയെയല്ല, ഇന്ത്യയെയാണ് ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

വിഷയം ചൂണ്ടികാട്ടി ഗഡ്കരി വ്യവസായ മന്ത്രിക്കും, ധനമന്ത്രിക്കും കത്തയച്ചു. ഫാര്‍മസ്യൂട്ടിക്കല്‍സ്, കീടനാശിനി, ഇലക്ട്രോണിക്‌സ്, തുടങ്ങിയവക്കായി ഇന്ത്യ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ചൈനയെയാണെന്ന് ഗഡ്കരി വ്യക്തമാക്കി. ദിവസങ്ങളായി തുറമുഖങ്ങളില്‍ ഇത്തരം ചരക്കുകള്‍ കെട്ടികിടക്കുന്നതില്‍ വ്യവസായികളും കര്‍ഷകരും സമൂപിച്ചതിനെ തുടര്‍ന്നാണ് ഗഡ്കരി വിഷയത്തില്‍ ഇടപെട്ടത്.

ചൈനീസ് ബഹിഷ്‌കരണ ആഹ്വാനം ഉയര്‍ന്നതിന് പിന്നാലെയാണ് തുറമുഖങ്ങളില്‍ ചൈനയില്‍നിന്നുള്ള ചരക്കുകള്‍ കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് കെട്ടിക്കിടക്കുന്നത്. ചരക്കുകള്‍ അനാവശ്യമായി തടഞ്ഞു വെക്കുന്നത് ഇന്ത്യയിലെ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight: Union Transportation Minister Gadkari against stocking of Chinese imported goods in Port

LEAVE A REPLY

Please enter your comment!
Please enter your name here