കൊവിഡിന് മരുന്ന് കണ്ടെത്തിയെന്ന് പ്രചാരണം; രാംദേവിനെതിരെ പൊലീസ് കേസെടുത്തു

FIR against Ramdev, 4 others in Jaipur over coronavirus medicine claim

കൊവിഡിനെ പ്രതിരോധിക്കാൻ മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തിയ പതഞ്ജലി സ്ഥാപകൻ രാംദേവിനെതിരെ ജയ്പൂർ പൊലീസ് കേസെടുത്തു. പതഞ്ജലി സി.ഇ.ഒ ആചാര്യ ബാലകൃഷ്ണ, ശാസ്ത്രജ്ഞന്‍ അനുരാഗ് വര്‍ഷ്‌നി, നിംസ് ചെയര്‍മാന്‍ ബല്‍ബീര്‍ സിംഗ് തോമര്‍, നിംസ് ഡയറക്ടര്‍ അനുരാഗ് തോമര്‍ എന്നിവർക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. 

പതഞ്ജലി ആയുർവേദിക് പുറത്തിറക്കിയ കൊറോണിൽ എന്ന മരുന്ന് കൊവിഡിനെ പ്രതിരോധിയ്ക്കുമെന്നും 7 ദിവസം കൊണ്ട് രോഗം മാറുമെന്നും തുടങ്ങി തെറ്റായ പ്രചാരണം നടത്തിയതിനെ തുടർന്ന് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഐ.പി.സി 420 ഉൾപ്പടെ വിവിധ വകുപ്പുകൾ ചേർത്താണ് രാംദേവ് അടക്കം അഞ്ചുപേർക്കെതിരെ കേസെടുത്തതെന്ന് ജ്യോതി നഗർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ ബൽറാം ജാഖർ പറഞ്ഞു. 

കൊവിഡ് രോഗികളിൽ സർക്കാർ അനുമതിയില്ലാതെ മരുന്ന് പരീക്ഷിച്ചതിനാണ് നിംസ് ചെയർമാൻ ബൽബീർ സിംഗിനെതിരെ പൊലീസ് കേസെടുത്തത്. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ട്  നിംസിന് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ജയ്പൂർ ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ ഡോ. നരോത്തം ശർമ പറഞ്ഞു. കൊവിഡ് ഭേദമാകുമെന്ന പേരിൽ ആരെങ്കിലും വ്യാജ മരുന്ന് വിൽക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന രാജസ്ഥാൻ ആരോഗ്യമന്ത്രി രഘു ശർമ്മയുടെ അറിയിപ്പ് നിലനിൽക്കെയാണ് നിംസ് കൊവിഡ് രോഗികളിൽ സർക്കാർ അനുമതിയില്ലാതെ മരുന്ന് പരീക്ഷിച്ചത്. 

content highlights: Coronil tablet: FIR against Ramdev, 4 others in Jaipur over coronavirus medicine claim