കോട്ടയം: ഒരു പക്ഷത്തേക്കും ഇപ്പോള്‍ ഇല്ലെന്ന് ജോസ് കെ മാണി. ഭാവി കാര്യങ്ങള്‍ തീരുമാനിക്കും. യുഡിഎഫില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്നതിനായി കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി.
‘മാണി സര് രാഷ്ട്രീയ അഭയം നല്കിയ പി ജെ ജോസഫ് അദ്ദേഹത്തിന്റെ മരണശേഷം തന്റെ വീടും പാര്‍ട്ടിയും ഉള്‍പ്പെടെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചു. ഒരു തദ്ദേശ പദവിയ്ക്ക് വേണ്ടി മാത്രം മാണി സാറുമായുള്ള ഹൃദയബന്ധം യുഡിഎഫ് മുറിച്ചുമാറ്റി. ഒരു മുന്നണി രൂപീകരിക്കാനും അതിനു മുഖം നല്‍കിയിട്ടുള്ളവരെയുമാണ് പുറത്താക്കിയിട്ടുള്ളത്. യുഡിഎഫ് നേതൃത്വത്തില്‍ നിന്ന് തങ്ങള്‍ ഇത്തരത്തിലൊരു നടപടി ഒരിക്കലും പ്രതീക്ഷിച്ചില്ല’, ജോസ് കെ മാണി പറഞ്ഞു.
പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ പി ജെ ജോസഫ് ശ്രമിച്ചപ്പോള്‍ അത്തരമൊരു നീക്കം ഈ പ്രസ്ഥാനത്തിനെ സംരക്ഷിച്ചതാണോ എന്റെ തെറ്റെന്ന് ജോസ് കെ മാണി ചോദിച്ചു. മാണി സാറിന്റെ വീട് മ്യൂസിയമാക്കാന്‍ വിട്ടുകൊടുക്കണമെന്ന് പി ജെ ജോസഫ് ആവശ്യപ്പെട്ടു. ലോക്സഭയും നിയമസഭയും ജില്ലാ പഞ്ചായത്തും വീടും പാര്‍ട്ടി ഓഫിസും ഹൈജാക്ക് ചെയ്യാനുള്ള ആവശ്യം അംഗീകരിക്കാതിരുന്നപ്പോള്‍ ധിക്കാരിയും അഹങ്കാരിയുമായി മാറിയെന്ന് ജോസ് കെ മാണി പറഞ്ഞു.
മാണി സാറിനെ മറന്നുകൊണ്ടുള്ള ഒരു തീരുമാനമാണ് യുഡിഎഫ് എടുത്തിട്ടുള്ളത്. 38 വര്‍ഷം യുഡിഎഫിനെ പടുത്തുയര്‍ത്താനുള്ള സോഴ്സ് ഓഫ് പവറായിരുന്നു കെ എം മാണി. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയുമാണ് യുഡിഎഫ് പുറത്താക്കിയിരിക്കുന്നതെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.
Content Highlight: Jose K Mani against P J Joseph on dismissed him from the Party