രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. പകർച്ച വ്യാധി കൈകാര്യം ചെയ്യുന്ന രീതി ഭാവിയിൽ ഹാർവാർഡ് ബിസിനസ് സ്കൂളിൻ്റെ പരാജയപെട്ട സംഭവങ്ങളെ കുറിച്ച് നടത്തുന്ന പഠനങ്ങളുടെ ഭാഗമാകുമെന്നാണ് രാഹുൽ ഗാന്ധി വിമർശിച്ചത്.
ജിഎസ്ടിയെക്കുറിച്ചും നോട്ടുനിരോധനത്തെ കുറിച്ചും രാഹുൽ വിമർശനമുന്നയിച്ചു. പരാജയങ്ങളെക്കുറിച്ച് നടത്തുന്ന ഹാർവാർഡ് സർവ്വകലാശാലയുടെ പഠനത്തിൽ നോട്ട് നിരോധനം, ജിഎസ്ടി, കൊവിഡ് 19 എന്നീ കാര്യങ്ങളായിരിക്കും ഭാവിയിൽ ഉൾപെടുത്തുന്നതെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. മഹാഭാരത യുദ്ധം ജയിച്ചത് 18 ദിവസം കൊണ്ടാണെന്നും എന്നാൽ കൊവിഡിനെ ജയിക്കാൻ 21 ദിവസം വേണമെന്നും പ്രധാന മന്ത്രി പറയുന്ന വീഡിയോ ദൃശ്യങ്ങളും ട്വീറ്റിനൊപ്പം ചേർത്തു.
കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ റഷ്യയെയും മറികടന്ന് മൂന്നാം സ്ഥനത്തെത്തിയതോടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഇതിന് മുൻപ് കൊവിഡ് വിഷയത്തിലും ഇന്ത്യ-ചൈന അതിർത്തി തർക്കം തുടങ്ങിയ നിരവധി വിഷയങ്ങളിലും രാഹുൽ ഗാന്ധി മോദിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
Content Highlights; Rahul Gandhi takes fresh dig at Centre over rising coronavirus infections