കോണ്‍ഗ്രസ് സംഘടനകളിലെ ചൈനീസ് നിക്ഷേപം; ഉന്നതതല അന്വേഷണ സമിതിയെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് സംഘടനകള്‍ക്ക് വിദേശഫണ്ട് ലഭിച്ച വിഷയത്തില്‍ ഉന്നതതല അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്‌പെഷ്യല്‍ ഡയറക്ടര്‍ അധ്യക്ഷനായ ഉന്നതതല സമിതിയ്ക്കാണ് അന്വേഷണത്തിന്റെ ഏകോപന ചുമതല.

രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട വിദേശ ഫണ്ട്, പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളാണ് ഉന്നതതല സമിതി ഏകോപിപ്പിക്കുക. യുപിഎ സര്‍ക്കാര്‍ കാലത്ത് ചൈനീസ് എംബസിയില്‍ നിന്നുള്‍പ്പെടെ രാജീവ് ഗാന്ധി ഫൗണ്ടേഷന് വന്‍തുക സംഭാവനയായി ലഭിച്ചിട്ടുണ്ടെന്നും ഇത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കേസില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തുന്നത്.

പിഎം കെയേഴ്‌സ് ഫണ്ടിലേയേക്ക് ചൈനീസ് കമ്പനികള്‍ സംഭാവന നല്‍കിയെന്ന കോണ്‍ഗ്രസ് ആരോപണത്തിന് മറുപടിയായാണ് ഗാന്ധി കുടുംബവും കോണ്‍ഗ്രസും ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ തിരിച്ചടിച്ചത്. യുപിഎ കാലത്ത് ചൈനയില്‍ നിന്ന് 100 കോടി രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷന് ലഭിച്ചെന്നും അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പണം എത്തിയെന്ന് ഉറപ്പാക്കിയതായും ആരോപിച്ച് സ്മൃതി ഇറാനി പിന്നാലെ രംഗത്തെത്തുകയായിരുന്നു. ഈ തുക ലഭിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടിരുന്നു.

യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് ദുരുപയോഗം ചെയ്‌തെന്നും ബിജെപി ആരോപണം ഉന്നയിച്ചിട്ടുണ്ട്. 2005 മുതല്‍ 2008 വരെയുള്ള കാലത്ത് ദുരിതാശ്വാസ നിധിയിലെ പണം രാജീവ് ഗാന്ധി ഫൗണ്ടേഷനു വേണ്ടി ചെലവഴിച്ചുവെന്നാണ് ആരോപണം. അക്കാലത്തു പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ബോര്‍ഡംഗമായിരുന്ന സോണിയ ഗാന്ധി രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ അധ്യക്ഷയാണെന്നും ഇത് തികച്ചും അപലപനീയമാണെന്നും ജെ പി നദ്ദ പറഞ്ഞിരുന്നു.

Content Highlight: Govt sets up panel to coordinate probe Rajiv Gandhi Foundation, Indira Gandhi Trust