രാജ്യത്തെ രണ്ടാമത്തെ പ്ലാസ്മ ബാങ്കിനുള്ള ഒരുക്കങ്ങളുമായി ചെന്നൈ

ചെന്നൈ: കൊവിഡ് പ്രതിരോധത്തിന് മികച്ച മാര്‍ഗ്ഗമായ പ്ലാസ്മ ചികിത്സയെ ലോകാരോഗ്യ സംഘടന അംഗീകരിച്ചിരുന്നു. കൊവിഡ് ഭേദമായി പുതിയ ആന്റിബോഡി രൂപപ്പെട്ടവരുടെ പ്ലാസ്മ ഉപയോഗിച്ചാണ് ചികിത്സ നടത്തുന്നത്. ഈ രീതി പ്രോല്‍സാഹിപ്പിക്കാന്‍ ഡല്‍ഹിക്ക് പിന്നാലെ രാജ്യത്തെ രണ്ടാമത്തെ പ്ലാസ്മ ബാങ്ക് നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍.

പ്ലാസ്മ ചികിത്സ ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 2കോടിയോളം രൂപ ചെലവഴിച്ച് ചെന്നൈ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ പ്ലാസ്മ ബാങ്ക് നിര്‍മാണത്തിന് തറക്കല്ലിടുന്നത്. കൊവിഡിന് ഫലപ്രദമായ മറ്റ് വാക്‌സിനുകളൊന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്ലാസ്മ ചികിത്സക്കുള്ള അനുമതി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി നല്‍കിയതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വിജയ ഭാസ്‌കര്‍ പറഞ്ഞു. തുടര്‍ന്ന് ഐ.സി.എം.ആറിന്റെയും ഡ്രഗ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെയും അനുമതി തേടുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്ലാസ്മ ചികിത്സക്ക് വിധേയരാക്കിയ 20 രോഗികളില്‍ 18 പേരും ആശുപത്രി വിട്ടതായി അതികൃതര്‍ അറിയിച്ചു. 18 മുതല്‍ 65 വയസ്സു വരെ പ്രായമുള്ള കൊവിഡ് മക്തി നേടിയവര്‍ക്ക് പ്ലാസ്മ ദാനം ചെയ്യാമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. 28 ദിവസത്തിനുള്ളില്‍ അതേ വ്യക്തിക്ക് തന്നെ തുടര്‍ന്നും പ്ലാസ്മ നല്‍കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ മാസം 2ന് ആയിരുന്നു രാജ്യത്തെ ആദ്യ പ്ലാസ്മ ബാങ്ക് ഡല്‍ഹിയ്ല്‍ പ്രവ്രര്‍ത്തനമാരംഭിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ബാങ്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

Content Highlight: Chennai’s Rajiv Gandhi Govt General Hospital to get country’s second plasma bank