സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതികളെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ 8 മണിക്കൂറോളം ചോദ്യം ചെയ്തിട്ടും അദ്ധേഹത്തെ സസ്പെൻഡ് ചെയ്യാൻ തെളിവില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സെക്രട്ടറിയേറ്റിലെ ഐടി ഫെല്ലോയാണ് വിവാദ സ്ത്രിക്ക് റൂം ബുക്ക് ചെയ്ത് കൊടുത്തത്. സ്ത്രീയുമായി പ്രിൻസിപ്പൽ സെക്രട്ടറിക്ക് ബന്ധമുണ്ടെന്നുള്ള കാര്യവും ഇതോടെ വ്യക്തമായിട്ടുണ്ട്. ദീർഘ നേരം ഫോണിൽ സംസാരിച്ചതിനുള്ള തെളിവും ലഭ്യമായിട്ടുണ്ട്. ഇനി ഇതിൽ കൂടുതൽ എന്ത് തെളിവാണ് മുഖ്യമന്ത്രിക്ക് വേണ്ടതെന്നും ചെന്നിത്തല ചോദിച്ചു.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന കുറ്റവാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല ആരോപിച്ചു. 14 തവണയാണ് ശിവശങ്കർ സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തുമായി സംസാരിച്ചതെന്നും, ദീർഘ കാലം ബന്ധമുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ശിവശങ്കറിനെ വെള്ളപൂശാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
ശിവശങ്കറിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിച്ചാൽ വിവരങ്ങൾ പുറത്തുവരില്ല.എൻഐഎയുടെ രേഖകൾ ചീഫ് സെക്രട്ടറി ചോദിച്ചാൽ കൊടുക്കില്ലെന്നും സ്പ്രിന്‍ക്ലർ ഇടപാട് സംബന്ധിച്ച റിപ്പോർട്ട് ഇതുവരെ കൊടുത്തിട്ടില്ല. അതേ അനുഭവമാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്കും ഉണ്ടാകാൻ പോകുന്നതെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Content Highlights; ramesh chennithala press meet