ന്യൂഡല്‍ഹി: ആസാമിലെ വെള്ളപ്പൊക്ക സാഹചര്യം നേരിടാനായി പ്രാരംഭ തുകയായി 346 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ആസാമിലെ സ്ഥിതിഗതികള്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്ത് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളുമായി ചര്‍ച്ച ചെയ്തു. ആസാമിലുണ്ടായ നാശനാഷ്ടങ്ങള്‍ സംബന്ധിച്ചും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും സോനോവാള്‍ കേന്ദ്രമന്ത്രിയെ അറിയിച്ചു. ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉടന്‍ 346 കോടി രൂപ ആസാം സര്‍ക്കാരിന് കൈമാറാമെന്നും മുഖ്യമന്ത്രിക്ക് ഷെഖാവത്ത് ഉറപ്പ് നല്‍കി.
ആസാമിലെ വെള്ളപ്പൊക്കത്തില്‍ നൂറിലധികം പേരാണ് മരിച്ചത്. 26 ജില്ലകളിലായി 26 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചെന്നാണ് പുറുത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 2,409 ഗ്രാമങ്ങള്‍ പ്രളയത്തില്‍ മുങ്ങിയെന്ന് അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രഹ്മപുത്ര ഉള്‍പ്പെടെ സംസ്ഥാനത്തെ മിക്ക നദികളിലെയും ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നിട്ടുണ്ട്.
ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. അപകട രേഖയില്‍ നിന്നും എട്ടു സെന്റീമീറ്റര്‍ ഉയരത്തിലാണ് ഇപ്പോള്‍ ബ്രഹ്മപുത്രയിലെ ജലനിരപ്പ്. കനത്ത മഴ തുടരുന്നതിനാല്‍ വരും മണിക്കൂറുകളില്‍ ജലനിരപ്പ് കൂടുതല്‍ ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Content Highlight: Centre Announces Rs 346 Crore To Tackle Flood Situation In Assam