വികാസ് ദുബെ ‘ഏറ്റുമുട്ടല്‍ കൊലപാതകം’: ജസ്റ്റീസ് ബി.എസ്. ചൗഹാന്‍ അന്വേഷിക്കും

ന്യൂഡല്‍ഹി: കൊടുംകുറ്റവാളി വികാസ് ദുബെ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവം സുപ്രീം കോടതിയില്‍നിന്നു വിരമിച്ച ജസ്റ്റീസ് ബി.എസ്. ചൗഹാന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ സമിതി അന്വേഷണം ആരംഭിക്കണമെന്നും രണ്ടുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി ശശികാന്ത് അഗര്‍വാള്‍, ഉത്തര്‍പ്രദേശ് പോലിസ് മുന്‍ മേധാവി കെ എല്‍ ഗുപ്ത എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ജസ്റ്റിസ് ചൗഹാന്റെയും കെ എല്‍ ഗുപ്തയുടെയും പേര് നിര്‍ദേശിച്ചത്.

എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിടികൂടിയ വികാസ് ദുബെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വിശദീകരണം.

Content Highlight: Vikas Dubey encounter: Former SC Judge BS Chauhan to lead 3-member inquiry panel