ടിപ്പുവിനെയും നബിയേയും യേശുവിനേയും ഭരണഘടനയേയും പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കി കർണാടക സർക്കാർ

Karnataka: Lessons on Tipu Sultan, Jesus, Mohammed cut in some textbooks

ടിപ്പുവിനെയും നബിയേയും യേശുവിനേയും ഭരണഘടനയേയും പാഠ പുസ്തകങ്ങളിൽ നിന്നും ഒഴിവാക്കി കർണാടക സർക്കാർ. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ അധ്യയന ദിവസങ്ങൾ കുറയുന്നതിനാലാണ് പുതിയ സിലബസ് പരിഷ്കാരം. ടിപ്പു ജയന്തി ഉൾപെടെ ഔദ്യോഗികമായി ആഘോഷിക്കുന്നത് നിർത്തലാക്കിയ ബിജെപി സർക്കാരിലെ നേതാക്കൾ ഇതിന് മുൻപും പാഠ പുസ്തകങ്ങളിൽ നിന്നും ടിപ്പുവിൻ്റെ ചരിത്രം ഒഴിവാക്കാനായി ശ്രമം നടത്തിയിരുന്നു.

സിലബസ് പരിഷ്കാരത്തിൻ്റെ മറവിൽ ബിജെപി സർക്കാർ വർഗീയ അജണ്ട നടപ്പാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പാഠഭാഗങ്ങളിൽ നിന്നും ടിപ്പുവിൻ്റെ ചരിത്രം ഒഴിവാക്കണമെന്ന ബിജെപി നേതാക്കളുടെ ആവശ്യം ഇതിനു മുൻപും സർക്കാർ നിയോഗിച്ച വിദഗ്ദ സമിതി തള്ളിയിരുന്നു. ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിലെ അഞ്ചാം അധ്യയത്തിലെയും പത്താം ക്ലാസിലെ അഞ്ചാം അധ്യായത്തിലെയും മൈസുരുവിൻ്റെ ചരിത്രത്തെ കുറിച്ചും ഹൈദരലിയെ കുറിച്ചും ടിപ്പു സുൽത്താനെ കുറിച്ചും വിശദീകരിക്കുന്ന പാഠ ഭാഗങ്ങളാണ് നീക്കം ചെയ്തത്.

ഏഴാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്നും ഭരണഘടനയെ കുറിച്ചുള്ള ഭാഗവും, ആറാം ക്ലാസിലെ യേശു ക്രിസ്തുവിനെയും പ്രവാചകൻ മുഹമ്മദ് നബിയെയും കുറിച്ചുള്ള ഭാഗവും ഒഴിവാക്കിയിട്ടുണ്ട്. ഇവരെകുറിച്ച് ഒമ്പതാം ക്ലാസിൽ വിശദമായി പഠിക്കാനുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഒഴിവാക്കിയത്. പക്ഷേ പാഠ്യഭാഗങ്ങൾ വെട്ടികുറച്ച നടപടി അശാസ്ത്രീയമാണെന്നും അധ്യയന വർഷം മേയിലേക്ക് നീട്ടുകയാണ് ചെയ്യേണ്ടതെന്ന അഭിപ്രായവും ഉയർന്നു വരുന്നുണ്ട്.

Content Highlights; Karnataka: Lessons on Tipu Sultan, Jesus, Mohammed cut in some textbooks