മഹാരാഷ്ട്രയിലെ കൊവിഡ് കേസുകൾ വർധിച്ചതിൽ പ്രധാന മന്ത്രിക്കും ഉത്തരവാദിത്തമുണ്ട്; കേന്ദ്രത്തിനെതിരെ ശിവസേന

Shiv Sena blames BJP government at Centre for increase in COVID-19 cases in Maharashtra

മഹാരാഷ്ട്രയിലെ കൊവിഡ് വ്യാപനത്തിൽ മോദി സർക്കാരിനെ കുറ്റപെടുത്തി ശിവസേന രംഗത്ത്. മഹാരാഷ്ട്രയിലെ കൊവിഡ് കേസുകൾ വർധിച്ചതിൽ രാജ്യത്തിൻ്റെ നേതാവ് എന്ന നിലയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് ശിവസേന പറഞ്ഞു. ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കൊവിഡിൻ്റെ മറവിൽ അഴിമതി നടക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നും ശിവസേന വ്യക്തമാക്കി.

കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിലെ ലോക്ക്ഡൌൺ ഓഗസ്റ്റ് 31 വരെ നീട്ടി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, ഹരിയാന, കർണാടക, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊവിഡ് വലിയ രീതിയിൽ നാശം വിതച്ചിട്ടുണ്ട്. അത് സംബന്ധിച്ച വിശദാംശങ്ങൾ നൽകാൻ തയ്യാറാണെന്നും ശിവസേന വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ നേതൃത്വത്തിൽ ഇത്തരം സംസ്ഥാനങ്ങളിലുള്ളത് പിളർക്കൽ സർക്കാരുകളാണെന്നും, ബിജെപി ഇതര ഭരണം അട്ടിമറിച്ചാണ് പലയിടത്തും ബിജെപി സർക്കാർ രൂപീകരിച്ചതെന്നും ശിവസേന കുറ്റപെടുത്തി.

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ് 400651 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 9211 പേർക്ക് സ്ഥിരീകരിച്ചു. 14463 പേർ കൊവിഡ് ബാധിച്ച് മരണപെട്ടു. മഹാരാഷ്ട്രയിൽ മുംബൈയിലാണ് രോഗവ്യാപാനം രൂക്ഷമായി കൊണ്ടിരിക്കുന്നത്.

Content Highlights; Shiv Sena blames BJP government at Centre for increase in COVID-19 cases in Maharashtra