കനത്ത മഴ: മുംബൈ നഗരത്തിന്റെ വിവിധ മേഖലകള്‍ വെള്ളത്തില്‍

മുംബൈ: പത്ത് മണിക്കൂര്‍ നിലയ്ക്കാതെ മഴപെയ്തതിനെത്തുടര്‍ന്ന് മുംബൈ നഗരത്തിന്റെ വിവിധ മേഖലകള്‍ വെള്ളത്തില്‍ മുങ്ങി. ലോക്കല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ അടമുള്ളവ നിര്‍ത്തിവെച്ചിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് മുംബൈയിലും പൂനെ, താനെ, രത്‌നഗിജി, പാല്‍ഘര്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം ഉണ്ടായതിനെത്തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി സേവനങ്ങളും ബസ് സര്‍വ്വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ദാദര്‍, കിങ് സര്‍ക്കിള്‍, ശിവാജി ചൗക്ക്, കുര്‍ള എസ്ഡി ഡിപ്പോ, ബാന്ദ്ര ടോക്കീസ്, സിയോണ്‍ റോഡ്, ഹിന്ദ്മാത അടക്കമുള്ള പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം ഉണ്ടായത്. മലാദ് എക്‌സ്പ്രസ് ഹൈവേയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ ചൊവ്വാഴ്ച ആറുമണി വരെ 230 മില്ലി മീറ്റര്‍ മഴയാണ് മുംബൈയില്‍ പെയ്തത്. ചൊവ്വാഴ്ച 4.51 മീറ്റര്‍ ഉയരത്തില്‍ വേലിയേറ്റം ഉണ്ടാകുമെന്നതിനാല്‍ തീരപ്രദേശങ്ങളിലേക്കും താഴ്ന്ന പ്രദേശങ്ങളിലേക്കും ആരും പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൊവ്വ. ബുധന്‍ ദിവസങ്ങളില്‍ ആളുകള്‍ പരമാവധി വീടുകളില്‍ കഴിയാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. മഹാരാഷ്ട്രയുടെ വടക്കന്‍ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlight: Heavy Rain in Mumbai