ഹോങ്കോങ്ങിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍; രാജ്യദ്രോഹിയെന്ന് മുദ്രകുത്തി ചൈന

ഹോങ്കോങ്: ഹോങ്കോങ്ങിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും ബെയ്ജിങ്ങിന്റെ മുഖ്യ വിമര്‍ശകനുമായിരുന്ന ജിമ്മി ലായ് അറസ്റ്റില്‍. ജനാധിപത്യത്തെ പിന്തുണക്കുന്നവര്‍ക്കെതിരായി വിദേശ സൈന്യവുമായി ചേര്‍ന്ന് രഹസ്യ ധാരണയുണ്ടാക്കിയെന്ന കുറ്റം ചുമത്തി ദേശീയ സുരക്ഷ നിയമ പ്രകാരമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ലായിയുടെ മാധ്യമ സ്ഥാപനത്തിലുണ്ടായിരുന്ന മറ്റ് ജോലിക്കാരെയും അറസ്റ്റ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം ഹോങ്കോങ്ങില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നിലും ലായ് ആണെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ ആരോപണം. ജനാധിപത്യത്തെ അനുകൂലിക്കുന്നതും ബെയ്ജിങ്ങിനെ വിമര്‍ശിക്കുന്നതുമായ ആപ്പിള്‍ ഡെയ്‌ലി, നെക്സ്റ്റ് മാഗസിന്‍ എന്നീ രണ്ട് മാധ്യമ സ്ഥാപനങ്ങളാണ് ലായിയുടെ ഉടമസ്ഥതയിലുള്ളത്. ലായിയുടെ വസതിയിലും മകന്റെ വസതിയിലും അന്വേഷണ സംഘം തെരച്ചില്‍ നടത്തിയതായി ലായിയുടെ നിയന്ത്രണത്തിലുള്ള നെക്സ്റ്റ് മീഡിയ ഗ്രൂപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ മാര്‍ക്ക് സൈമണ്‍ ട്വിറ്ററിലൂടെ അറിയിച്ചു.

Next Magazine Archives | Hong Kong Free Press HKFP

വിദേശശക്തികള്‍ക്കൊപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തി രാജ്യസുരക്ഷ അപകടത്തിലാക്കുന്നതിനെതിരെയുള്ള രാജ്യസുരക്ഷാ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 29 അനുസരിച്ചാണ് അറസ്റ്റ് എന്നാണ് പോലീസ് ട്വിറ്റര്‍ ഹാന്‍ഡില്‍ വ്യക്തമാക്കിയത്. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. വിദേശരാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്നത് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ടാല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്നതാണ് ചൈനയുടെ വിവാദമായ രാജ്യസുരക്ഷാനിയമം.

Check out today's Apple Daily article on how 香港定慧寺 Hong Kong ...

ചൈനീസ് ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്ന നിയമത്തിനെതിരെ ആക്ടിവിസ്റ്റുകളും പാശ്ചാത്യരാജ്യങ്ങളും ഇതിനോടകം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ജിമ്മി ലായുടെ അറസ്റ്റ് വളരെ മോശം സന്ദേശമാണ് നല്‍കുന്നതെന്നും മാധ്യമങ്ങളിലൂടെ സത്യങ്ങള്‍ തുറന്നു പറയുന്നവര്‍ക്ക് ഇത് തിരിച്ചടിയാകുമെന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എമിലി ലാവു പറഞ്ഞു.

വിവാദമായ നിയമം പാസാക്കിയതിനു ശേഷം അറസ്റ്റ് ചെയ്യപ്പെടുന്ന ഏറ്റവും പ്രമുഖനായ വ്യക്തികളിലൊരാളാണ് ജിമ്മി ലായ്.

Content Highlight: Hong Kong’s Pro-Democracy Media Mogul Arrested, China Says “Traitor”