പെട്ടിമുടി ദുരന്തം: പുഴയില്‍ നിന്ന് രണ്ട് വയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്തു

ഇടുക്കി: മൂന്നാര്‍ പെട്ടിമുടി ദുരന്തത്തില്‍ മരണ സംഖ്യ 56ആയി. ഇന്ന് പുഴയില്‍ നിന്ന് രണ്ട് വയസ്സുകാരിയുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ 56 ആയത്. മൃതദേഹങ്ങള്‍ വെള്ളത്തില്‍ ഒഴുകി പോയിട്ടുണ്ടാവാമെന്ന നിഗമനത്തിലാണ് ഇന്നലെ മുതല്‍ പുഴ കേന്ദ്രീകരിച്ചുള്ള തിരച്ചില്‍ ആരംഭിച്ചത്. കാലാവസ്ഥ അനുകൂലമായിരുന്നെങ്കിലും ഇന്നലെ മൃതദേഹങ്ങളൊന്നും ലഭിച്ചിരുന്നില്ല.

24 പുരുഷന്മാര്‍, 21 സ്ത്രീകള്‍, നാല് ആണ്‍കുട്ടികള്‍, ആറ് ആണ്‍കുട്ടികള്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളെല്ലാം ലയത്തിന് സമീപത്ത് സംസ്‌കരിച്ച് കഴിഞ്ഞു. ദുരന്തം നടന്ന് എട്ട് ദിവസം കഴിഞ്ഞതോടെ മൃതദേഹങ്ങള്‍ അഴുകി തുടങ്ങിയിട്ടുണ്ടാകാമെന്നത് തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്.

ലയങ്ങളിരുന്ന സ്ഥലത്ത് കൂടുതല്‍ ആഴത്തില്‍ തിരച്ചില്‍ നടത്താനാണ് തീരുമാനം. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തിന് അഞ്ച് കിലോമീറ്റര്‍ അകലെ നിന്ന് വരെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. അഴുകി തുടങ്ങിയ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ആവശ്യമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Content Highlight: Dead Body of 2 year old found from river in Pettimudi disaster