പെട്ടിമുടി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി; ഇനി കണ്ടെത്തേണ്ടത് 11 പേരെ

മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ 12 ദിവസമായി തുടരുന്ന തിരച്ചിലില്‍ ഇനിയും 11 പേരം കൂടി കണ്ടെത്താനുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് നടത്തിയ തിരച്ചിലില്‍ ഒരു ആണ്‍കുട്ടിയുടെ മൃതദേഹം കൂടി കണ്ടെടുത്തിരുന്നു. ഇതോടെ പെട്ടിമുടി ദുരന്തത്തില്‍ ആകെ മരിച്ചവരുടെ എണ്ണം 59 ആയി. ഇന്ന് കണ്ടെത്തിയ കുട്ടിയെ തിരിച്ചറിയാനായിട്ടില്ല.

കനത്ത ഉരുള്‍പൊട്ടലില്‍ മൃതദേഹങ്ങള്‍ ഒലിച്ചു പോയിട്ടുണ്ടാകാമെന്ന സാധ്യത പരിഗണിച്ച് പുഴയിലും പ്രദേശങ്ങളിലുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നത്. നല്ലത്തണ്ണിയാറിലെ ഗ്രാവല്‍ ബാങ്ക് ഭാഗത്ത് നിന്നാണ് ഇന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഇന്നലെയും ഇതേ ഭാഗത്ത് നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

ഞായറാഴ്ച പ്രധാനമായും പുഴ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടന്നത്. പുഴയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള പ്രദേശവാസികളുടെ സഹായത്തോടെ ഫയര്‍ഫോഴ്‌സ്, പോലീസ്, ദുരന്തനിവാരണസേന എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. നാളെയും ഇതേ മേഖലയില്‍ തിരച്ചില്‍ തുടരും. ഉരുള്‍പൊട്ടിലില്‍ ഒലിച്ച് വന്ന മണ്ണും കല്ലും നീക്കം ചെയ്താണ് തിരച്ചില്‍ നടത്തുക.

Content Highlight: One more Dead body find in Pettimudi Disaster