തോട്ടം തൊഴിലാളികൾക്ക് നൽകിയ വാക്കുകൾ വാഗ്ദാനത്തിലൊതുങ്ങി, ജീവനു പോലും രണ്ടാം തരം വിലയാണ് സർക്കാർ കൽപ്പിക്കുന്നത്; ജി ഗോമതി

g gomathi munnar pembilai orimai

സർക്കാരിനെതിരെ വിമർശനവുമായി പെമ്പിളൈ ഒരുമൈ മുൻ നേതാവ് ഗോമതി. രാവിലെ നിങ്ങള്‍ ഊതിയാറ്റി കുടിക്കുന്ന ചായ ഞങ്ങളുടെ രക്തമാണ്. തോട്ടം തൊഴിലാളിയുടെ രക്തമാണ് ചായയുടെ നിറമെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ജി. ഗോമതി പറഞ്ഞു. ടാറ്റയുടെ നിയമ വിരുദ്ധ സാമാജ്യവും തൊഴിലാളികളുടെ കൂട്ടകുരുതിയും എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അവർ. വിമാന ദുരന്തത്തിലേതു പോലെ തന്നെ പെട്ടിമുടിയിലും മരിച്ചത് മനുഷ്യരാണ്. ഞങ്ങളുടെ ജീവന് പോലും രണ്ടാം തരം വിലയാണ് സർക്കാർ കൽപ്പിക്കുന്നത്. സമരം നടത്തിയപ്പോൾ നൽകിയ വാഗ്ദാനങ്ങളെല്ലാം വെറും വാക്കുകളിൽ ഒതുങ്ങിയതായി ഗോമതി വ്യക്തമാക്കി.

നൂറു വർഷം പഴക്കമുള്ള വീടുകളിലാണ് ഞങ്ങൾ താമസിക്കുന്നത്. നല്ല സ്കൂളില്ല, ആശുപത്രിയില്ല, മക്കൾക്ക് നല്ല ജോലിയില്ല, കുടുംബത്തിലെ എല്ലാവരും ഒറ്റ മുറിയിലാണ് തമാമസമെന്നും ഗോമതി പറയുന്നു. അഞ്ച് വർഷം നടന്ന സമരത്തിനിപ്പുറം രാഷ്ട്രീയം എന്തെന്ന് ഞങ്ങൾക്കറിയില്ല. തങ്ങളുടെ ഒരുമയെ തകർത്തത് രാഷ്ടരീയക്കാരാണെന്നും അവർക്കിനി തങ്ങളുടെ ഇടയിൽ സ്ഥാനമില്ലെന്നും ഗോമതി വ്യക്തമാക്കി. ഇന്നലെ മുഖ്യമന്ത്രിക്കെതിരെ മൂന്നാറിൽ പ്രതിഷേധം നടത്തിയ ഗോമതിയെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. തോട്ടം തൊഴിലാളികൾക്ക് വീട് നിർമ്മിച്ചു നൽകുക, പട്ടയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഇന്നലെ ഗോമതിയുടെ നേതൃത്വത്തിൽ കുത്തിയിരുപ്പ് പ്രതിഷേധം സംഘടിപ്പിച്ചത്.

content Highlights; g gomathi munnar pembilai orimai