പോലീസ് വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപെടുന്നതിന് കാരണമായ ബെഗ്ളൂരു കലാപ കേസിൽ യുഎപിഎ, ഗുണ്ടാ ആക്ട് എന്നിവ പ്രകാരമുള്ള വകുപ്പുകൾ ചുമത്താൻ കർണാടക സർക്കാർ തീരുമാനം. കേസിൽ ഈ നിയമങ്ങളിലെ ശക്തമായ വകുപ്പുകൾ കൂടി ചുമത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയും തമ്മിൽ ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ.
കൂടാതെ കലാപം നടന്ന ഡിജെ ഹള്ളിയിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി ക്ലെയിം കമ്മീഷ്ണറിനെ നിയമിക്കുന്നതിനെ അനുവാദം തേടി ഹൈക്കോടതിയെ സമീപിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കലാപത്തെപ്പറ്റി അന്വേഷിക്കുന്ന പ്രത്യേക അന്വോഷണ സംഘം, ഗുണ്ട ആക്ട്, യുഎപിഎ എന്നീ നിയമങ്ങളിലെ വകുപ്പുകൾ കേസിൽ ഉപയോഗിക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടൻ കൈക്കൊള്ളും.
കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസയുടെ ബന്ധു ഫെയ്സ്ബുക്കിൽ വിദ്വേഷകരമായ പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് കലാപം ഉണ്ടായത്. സംഭവത്തിൽ കുറ്റവാളികളായവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന് ആഭ്യന്തര മന്ത്രി ബസവ രാജ് ബൊമ്മെയ് വ്യക്തമാക്കിയിട്ടുണ്ട്. കലാപത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന എസ്ഡിപിഐയെ നിരോധിക്കുന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights; Karnataka govt to invoke UAPA, Goonda Act in Bengaluru violence case