പിഎസ്‌സി പരീക്ഷാ രീതിയിൽ പുതിയ പരിഷ്കരണം; ഇനി മുതൽ രണ്ട് ഘട്ടങ്ങളിലായി പരീക്ഷ

Kerala PSC to change exam pattern into two levels

സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷാ രീതി അടിമുടി പരിഷ്കരിക്കുന്നു. ഇനി മുതൽ രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്തുന്നതിന് ചട്ടങ്ങൾ ഭേദഗതി ചെയ്തതായി പിഎസ്സി ചെയർമാൻ എംകെ സക്കീർ വ്യക്തമാക്കി. നിവവിൽ ഭൂരിഭാഗം പിഎസ്സി നിയമനങ്ങൾക്കും ഒരു പരീക്ഷയാണ് നടത്തുന്നത്. ഇത് രണ്ട് ഘട്ടങ്ങളായി നടത്താനാണ് പിഎസ്സി ചട്ടം ഭേദഗതി ചെയ്തത്. പുതിയ ഭേദഗതി നിലവിൽ വന്നതായി എംകെ സക്കീർ അറിയിച്ചു.

ആദ്യ ഘട്ടത്തിൽ സ്ക്രീനിംഗ് ടെസ്റ്റായിരിക്കും നടത്തുക. ഇതിൽ നിന്ന് തെരഞ്ഞെടുക്കുന്നവരെ അന്തിമ പരീക്ഷയ്ക്ക് ഇരുത്തുന്ന തരത്തിലാണ് പരീക്ഷാ രീതി പരിഷ്കരിച്ചിരിക്കുന്നത്. സ്ക്രീനിംഗ് ടെസ്റ്റിന് ലഭിക്കുന്ന മാർക്ക് റാങ്ക് പട്ടികയ്ക്കായി പരിഗണിക്കില്ല. അന്തിമ പരീക്ഷയിലേക്ക് യോഗ്യത നേടുന്നതിന് മാത്രമാണ് സ്ക്രീനിംഗ് ടെസ്റ്റ് നടത്തുന്നത്. ഇൻ്റർവ്യൂ വേണ്ട പരീക്ഷകൾക്ക് ഇതും നടത്തിയ ശേഷമായിരിക്കും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ഇതുവഴി യോഗ്യതയുള്ള വിദ്യാർത്ഥികളെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും.

കൂടാതെ സ്ക്രീനിംഗ് ടെസ്റ്റിലൂടെ തന്നെ ഉദ്യോഗാർത്ഥികളുടെ എണ്ണം പരിമിതപെടുത്താനും സാധിക്കും. തെരഞ്ഞെടുക്കുന്ന കുറച്ചു പേർ മാത്രമാണ് പരീക്ഷ എഴുതുന്നത് അതുകൊണ്ടു തന്നെ വേഗത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും സാധിക്കും. ആദ്യ ഘട്ടമെന്ന നിലയിൽ ഡിസംബറിൽ പുതിയ രീതിയിലുള്ള പരീക്ഷകൾ നടത്തുമെന്നും സക്കീർ അറിയിച്ചു. യുപിഎസ്സി പോലെ അഖിലേന്ത്യ അടിസ്ഥാനത്തിൽ പരീക്ഷ നടത്തുന്ന സംവിധാനങ്ങളുടെ മാതൃക പിന്തുടർന്നാണ് ചട്ടത്തിൽ ഭേദഗതി കൊണ്ടു വന്നതെന്നും എംകെ സക്കീർ അറിയിച്ചു.

Content Highlights; Kerala PSC to change exam pattern into two levels