ശിവശങ്കറിനെ കണ്ടത് യാദൃശ്ചികമായി; വിദേശ യാത്രകള്‍ നടത്തിയത് അച്ഛന് വേണ്ടിയെന്ന് സ്വപ്ന

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷ് വിദേശ യാത്രകള്‍ നടത്തിയത് അച്ഛന് വേണ്ടിയായിരുന്നെന്ന് കോടതിയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറുമൊന്നിച്ച് യുഎഇയിലും ഒമാനിലും സ്വപ്‌ന വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ടെന്ന തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെയായിരുന്നു സ്വപ്‌നയുടെ വാദം. അച്ഛന്റെ ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച രേഖകള്‍ ശരിയാക്കാനായിരുന്നു യാത്ര നടത്തിയതെന്നാണ് സ്വപ്ന കോടതിയില്‍ വാദിച്ചത്.

സ്വപ്‌നയുടെ അച്ഛന്‍ 34 വര്‍ഷം യുഎഇ കൊട്ടാരത്തിലെ അക്കൗണ്ടന്റ് ആയിരുന്നെന്നും അദ്ദേഹം അവിടെ ഏഴ് ബാറുകള്‍ നടത്തിയിരുന്നെന്നുമാണ് സ്വപ്‌നയുടെ വാദം. അച്ഛന്റെ മരണ ശേഷം ബാങ്ക് അക്കൗണ്ടുകള്‍ ശരിയാക്കുന്നതിനായാണ് വിദേശ യാത്രകള്‍ നടത്തിയതെന്നും യാത്രയില്‍ യാദൃശ്ചികമായാണ് ശിവശങ്കറിനെ പരിചയപ്പടുന്നതെന്നും സ്വപ്ന കോടതിയില്‍ വ്യക്തമാക്കി.

പ്രളയദുരിതാശ്വാസ ധനസമാഹരണത്തിന് പോയ സംഘത്തില്‍ താനില്ലെന്നും, അന്നും സ്വന്തം കാര്യങ്ങള്‍ക്കുവേണ്ടിയായിരുന്നു പോയതെന്നും സ്വപ്ന കോടതിയില്‍ അറിയിച്ചു.

Content Highlight: Court hear Gold Smuggling case