ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ സര്‍വീസ് തുടരുന്ന എയര്‍ ഇന്ത്യയുടെ സേവനം വിലക്കി ഹോങ്കോങ് മന്ത്രാലയം. നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നവരില് ഏറെ പേര്‍ക്കും കൊവിഡ് 19 സ്ഥിരീകരിക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് എയര്‍ ഇന്ത്യക്ക് വിലക്കേര്‍പ്പെടുത്തിയത്. ഓഗസ്റ്റ് 18 മുതല്‍ 31 വരെയാണ് നിലവില്‍ സര്‍വീസുകള്‍ നിര്‍ത്തി വെക്കാനുള്ള നിര്‍ദ്ദേശം.
ഓഗസ്റ്റ് 18, 21, 25, 28 തിയതികളില്‍ ഹോങ്കോങ്ങിലേക്ക് ഡല്‍ഹിയില്‍ നിന്ന് വിമാന സര്‍വീസ് തയാറായിരുന്നു. ഹോങ്കോങ് അധികൃതര്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കാരണമെന്തെന്ന് വ്യക്തമല്ലെന്നും ഹോങ്കോങ്ങുമായി ബന്ധപ്പെടുമെന്നുമാണ് എയര്‍ ഇന്ത്യ നല്കുന്ന വിശദീകരണം.
എന്നാല്‍, ചൈനയിലെ മാധ്യമമായ സൗത്ത് മോണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഡല്‍ഹിയില്‍ നിന്ന് ഓഗസ്റ്റ് 14ന് എയര്‍ ഇന്ത്യയില്‍ ഹോങ്കോങ്ങിലെത്തിയ 11 യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ ഇന്ത്രയിലെ ലാബ് ടെസ്റ്റുകളെ ആശ്രയിക്കാനാവില്ല എന്നാണ് മോണിങ് പോസ്റ്റിന്റെ വിശദീകരണം. ഇത് ഭാവിയില്‍ സംഭവിക്കില്ലയെന്ന് ഉറപ്പു ലഭിക്കുന്നത് വരെ സര്‍വീസുകള്‍ റദ്ദാക്കുന്നുവെന്നാണ് ഹോങ്കോങ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസം ഹോങ്കോങുമായി എയര്‍ബബിള്‍ കരാര്‍ ഉണ്ടാക്കാനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. അവിടേക്കുള്ള വിമാനങ്ങള്‍ പറത്താന്‍ അനുമതി തേടിയിരുന്നുവെന്നും എന്നാല്‍ ഹോങ്കോങ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളെ തടയുകയാണെന്നും മന്ത്രാലയം പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയ്ക്ക് എയര്‍ ബബിള്‍ സംവിധാനം ഉള്ളത് യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മനി, യുഎഇ, മാലി ദ്വീപുകള്‍ എന്നീ രാജ്യങ്ങളുമായിട്ടാണ്.
Content Highlight: Hong Kong suspends Air India Flights for two weeks