കോണ്‍ഗ്രസിൽ അടിമുടി മാറ്റം വേണമെന്നാവശ്യപെട്ട് പാർട്ടി താൽക്കാലിക അധ്യക്ഷൻ സോണിയാ ഗാന്ധിക്ക് മുതിർന്ന നേതാക്കളുടെ കത്ത്. ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ പരാജയ കാരണം സത്യസന്ധമായി പാർട്ടി വിലയിരുത്തിയിട്ടില്ലെന്നും കത്തിൽ വ്യക്തമാക്കി. ഗുലാംനബി ആസാദ്, ആനന്ദ് ശർമ, കപിൽ സിബൽ, ശശി തരൂർ എംപി, വിവേക് തൻവ, ഭൂപേന്ദ്രസിങ് ഹൂഡ, രാജേന്ദര്‍ കൗര്‍ ഭട്ടല്‍, വീരപ്പ മൊയ്‌ലി, പൃഥ്വിരാജ് ചവാന്‍,കൗള്‍ സിങ് താക്കൂര്‍, ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള അഖിലേഷ് പ്രസാദ് സിങ് എന്നിവരടമുള്ളവരാണ് കത്തയച്ചത്.
പാർട്ടിയെ മുന്നോട്ടു നയിക്കാൻ നേതാക്കളെ തെരഞ്ഞെടുക്കുന്ന പുതിയ രീതി കൊണ്ടു വരണം, എഐസിസിയിലും പിസിസി ഓഫീസുകളിലും മുഴുവൻ സമയവും നേതാക്കൾ, സ്വാതന്ത്ര തെരഞ്ഞെടുപ്പ് രീതി ഉറപ്പു വരുത്തുന്ന ബോഡി, പാർട്ടി ഭരണ ഘടനയനുസരിച്ച് മാത്രം വർക്കിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഇതിനെല്ലാം വേണ്ടി പുതിയ തെരഞ്ഞെടുപ്പ് രീതി കൊണ്ടു വരണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. കോൺഗ്രസ് വിട്ടു പോയവരുമായി വീണ്ടും ആശയ വിനിമയം നടത്തി ബിജെപി വിരുദ്ധ സഖ്യ മുന്നണി ശക്തിപെടുത്തണമെന്ന നിർദേശവും കത്തിലുണ്ട്.
നാളെ പ്രവർത്തക സമിതി യോഗം ചേരാനിരിക്കെയാണ് കത്ത് നൽകിയിരിക്കുന്നത്. യുവാക്കൾ മോദിക്ക് വോട്ടു ചെയ്യുന്നതും യുവ നേതാക്കളുടെ ആത്മ വിശ്വാസം നഷ്ടപെടുന്നതും ഗൌരവമായി പരിഗണിക്കണമെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ട്ത് ദേശിയമായ അനിവാര്യതയാണ്. സ്വാതന്ത്രത്തിനു ശേഷം ഏറ്റവും കടുത്ത സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ വെല്ലുവിളികളെയാണ് രാജ്യം അഭിമുഖീകരിക്കുന്നത്.
ഭയത്തിൻ്റേതായ അന്തരീക്ഷം, വർഗീയമായി ആളുകളെ ഭിന്നിപ്പിക്കുന്ന ബിജെപിയുടെ അജണ്ഡ, സാമ്പത്തിക പ്രതിസന്ധി,തൊഴിലില്ലായ്മ, മഹാമാരിയെ തുടർന്നുണ്ടായ പ്രതിസന്ധികൾ, അതിർത്തി പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങളും കത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയുടെ ഇടപെടൽ നിരാശജനകമാണെന്നും കത്തിൽ വിമർശനമുണ്ട്.
Content Highlights; 23 senior Congress leaders stand up, write to Sonia Gandhi calling for sweeping changes