ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവെച്ചു; ഇന്ന് ബിജെപിയിൽ ചേർന്നേക്കും

Khushboo Sundar quits Congress, sends resignation letter to Sonia Gandhi; set to join BJP

നടി ഖുശ്ബു സുന്ദർ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്തു പോവുകയാണെന്ന് വ്യക്തമാക്കി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് ഖുശ്ബു കത്തു നൽകി. പിന്നാലെ എഐസിസി വക്താവ് സ്ഥാനത്തുനിന്ന് ഖുശ്ബുവിനെ ഒഴിവാക്കി. കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ടാണ് ഖുശ്ബു രാജി സമർപ്പിച്ചിരിക്കുന്നത്. ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത, യഥാർഥ്യ ബോധമില്ലാത്ത, പാർട്ടിയുടെ ഉന്നതതലത്തിലുള്ള ചില ശക്തികൾ തന്നെപ്പോലെ ആത്മാർഥമായി നിൽക്കുന്നവരെ ഒതുക്കാൻ ശ്രമിക്കുന്നുവെന്ന് രാജിക്കത്തിൽ ഖുശ്ബു വ്യക്തവാക്കുന്നു.

ബിജെപി ദേശീയ നേതാക്കളെ കാണുന്നതിനായി ഖുശ്ബു ഡൽഹിയിൽ എത്തിയതിന് പിന്നാലെയാണ് എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് ഖുശ്ബുവിനെ ഒഴിവാക്കിയത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയുടെ സാന്നിധ്യത്തിൽ ഖുശ്ബു ഉൾപ്പെടെ 3 പ്രമുഖർ ഇന്ന് പാർട്ടിയിൽ ചേരുമെന്നാണ് സൂചന. ലോക്സഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ നേരത്തെ തന്നെ ഖുശ്ബു പാർട്ടിയിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര സർക്കാരിൻ്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ട്വീറ്റും ചെയ്തിരുന്നു. എന്നാൽ ബിജെപിയിലേക്കുള്ള പ്രവേശനം കഴിഞ്ഞയാഴ്ച താരം നിഷേധിച്ചിരുന്നു. കോൺഗ്രസിൽ താൻ പൂർണ സംതൃപ്തയാണെന്നും ബിജെപിയിൽ പോകാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് അവർ കഴിഞ്ഞ ദിവസം ഡൽഹിയിൽ പറഞ്ഞിരുന്നത്. 

content highlights: Khushboo Sundar quits Congress, sends resignation letter to Sonia Gandhi; set to join BJP