അഴിമതി ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകനോട് ആക്രോശിച്ച് ബ്രസീൽ പ്രസിഡൻ്റ്; മുഖം ഇടിച്ച് തകർക്കുമെന്ന് ഭീഷണി

അഴിമതി ആരോപണവുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകൻ്റെ മുഖം ഇടിച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്രസീൽ പ്രസിഡൻ്റ് ജെയ്ർ ബോൽസൊനാരോ. ബ്രസീലിലെ മെട്രോപൊളിറ്റൻ കത്തിഡ്രലിൽ സന്ദർശനം നടത്തിയ സമയത്തായിരുന്നു ബോൽസൊനാരോ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ മറ്റ് മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചെങ്കിലും ആർക്കും മറുപടി നൽകാതെ അദ്ദേഹം കടന്നുപോയി.   

ബ്രസീലിയൻ മാധ്യമമായ ഓ ഗ്ലോബോയുടെ റിപ്പോർട്ടറോടാണ് പ്രസിഡൻ്റ് ദേഷ്യപ്പെട്ടത്. പ്രമുഖ മാസികയായ ക്രൂസോയിൽ വന്ന റിപ്പോർട്ടിനെ സംബന്ധിച്ച് ചോദ്യമായിരുന്നു ഇദ്ദേഹം ഉന്നയിച്ചിരുന്നത്. ബോല്‍സൊനാരോയുടെ ഭാര്യ മിഷേലും, മുന്‍ പോലീസ് ഉദ്യോഗസ്ഥനും പ്രസിഡൻ്റിൻ്റെ മകന്‍ ഫ്ളെവിയോയുടെ മുന്‍ ഉപദേശകനുമായിരുന്ന ഫാബ്രിയോ ക്വിറോസുമായി ബന്ധിപ്പിക്കുന്ന ഒരു റിപ്പോർട്ടിനെ സംബന്ധിച്ച ചോദ്യമായിരുന്നു ഉന്നയിച്ചത്. ചോദ്യം കേട്ടയുടനെ ക്ഷുഭിതനായ ബോല്‍സൊനാരോ നിങ്ങളുടെ വായ് ഇടിച്ചുതകര്‍ക്കാനാണ് തോന്നുന്നതെന്ന് പറയുകയായിരുന്നു.

content highlights: “Want To Pound Your Mouth With Punches”: Brazilian President To Journalist