ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരെ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും. നീതിന്യായ വ്യവസ്ഥക്കും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെക്കുമെതിരായ ട്വീറ്റുകളാണ് കേസിന് ആധാരം.
കേസില്‍ ചൊവ്വാഴ്ച നടന്ന അവസാന വാദംകേള്‍ക്കലിലും മാപ്പ് പറയാന്‍ പ്രശാന്ത് ഭൂഷണ്‍ തയ്യാറായിരുന്നില്ല. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നും താക്കീത് ചെയ്ത് വിട്ടയക്കണമെന്നുമാണ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസില്‍ വിധിപറയുക. മാപ്പ് പറയുന്നതിന് മൂന്ന് ദിവസത്തെ സമയം നേരത്തെ പ്രശാന്ത് ഭൂഷണ് കോടതി നല്‍കിയിരുന്നെങ്കിലും ട്വീറ്റ് പിന്‍വലിക്കാനോ മാപ്പ് പറയാനോ അദ്ദേഹം തയ്യാറായില്ല. ആരുടേയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങിയുള്ള ക്ഷാമപണം ആത്മര്‍ത്ഥത ഇല്ലാത്തതാകുമെന്നും ട്വീറ്റില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിക്കുകയുണ്ടായി.
2009-ല്‍ തെഹല്‍ക മാഗസിന് നല്‍കിയ അഭിമുഖത്തില്‍, കഴിഞ്ഞ 16 സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരില്‍ പകുതിയും അഴിമതിക്കാരാണെന്ന് പറഞ്ഞ മറ്റൊരു കോടതിയലക്ഷ്യക്കേസും അദ്ദേഹം നേരിടുന്നുണ്ട്.
Content Highlight: Prashant Bhushan Contempt Case-Supreme Court To Announce Sentencing On Monday