കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരായ ശിക്ഷാവിധി സുപ്രീംകോടതി പുറപ്പെടുവിച്ചു. ഒരു രൂപ പിഴയടക്കുക അല്ലെങ്കില്‍ മൂന്ന് മാസം തടവ് എന്നതാണ് ശിക്ഷ. സെപ്റ്റംബര്‍ 15 വരെയാണ് പിഴയടക്കാനുള്ള സമയം. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ശിക്ഷ വിധിച്ചത്. കോടതിയലക്ഷ്യ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ പ്രശാന്ത് ഭൂഷണ്‍ വിസമ്മതിച്ചിരുന്നു. വിരമിക്കാന്‍ രണ്ട് ദിവസം ശേഷിക്കെയാണ് നിര്‍ണായക കേസുകളില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് ഇന്ന് വിധി പുറപ്പെടുവിച്ചത്.
ജസ്റ്റിസ് എസ്.എ ബോബ്‌ഡെയടക്കമുള്ള ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ച ട്വീറ്റുകള്‍ കോടതിയലക്ഷ്യമാണെന്ന കണ്ടെത്തലിന് പിന്നാലെ ശിക്ഷാവിധി സംബന്ധിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര വാദം കേട്ടിരുന്നു. മാപ്പപേക്ഷിക്കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും പ്രശാന്ത് ഭൂഷന്‍ വഴങ്ങിയിരുന്നില്ല. അതേസമയം പ്രശാന്ത് ഭൂഷനെ ശിക്ഷിക്കരുതെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
വിരമിക്കാന്‍ രണ്ട് ദിവസം ശേഷിക്കെയാണ് നിര്‍ണായക കേസില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര വിധി പുറപ്പെടുവിക്കുന്നത്. ഇതിന് പുറമെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ പി.ജി സീറ്റുകളില്‍ സംവരണം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കാണോ കേന്ദ്രത്തിനാണോ എന്നതിലും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ഭരണഘടന ബഞ്ച് ഇന്ന് വിധി പുറപ്പെടുവിക്കും.
ശിക്ഷ വിധിക്കാന്‍ മയക്കുമരുന്നുകളില്‍ നിരോധിത വസ്തുക്കളുടെ അളവ് പരിശോധിക്കണോയെന്ന വിഷയത്തിലും അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഇന്ന് വിധി പറയും.
Content Highlight: Supreme Court released sentencing on Prasanth Bhushan case