ടെലികോം കമ്പനികളുടെ കുടിശ്ശിക: രാജ്യത്തെ മൊബൈല്‍ ഡേറ്റ നിരക്ക് 10% വര്‍ദ്ധിക്കുമെന്ന് സൂചന

മുംബൈ: ടെലികോം കമ്പവികളുടെ മൊത്ത വരുമാന കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ പത്ത് വര്‍ഷത്തെ കാലാവധി സുപ്രീംകോടതി അനുവദിച്ചതിന് പിന്നാലെ രാജ്യത്തെ മൊബൈല്‍ ഡേറ്റ, കോള്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങി ടെലികോം കമ്പനികള്‍. അടുത്ത മാര്‍ച്ച് മാസത്തിനുള്ളില്‍ പത്ത് ശതമാനം വരെ നിരക്ക് വര്‍ദ്ധിച്ചേക്കുമെന്നാണ് സൂചന.

മൊത്ത കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ പത്ത് വര്‍ഷത്തെ കാലാവധിയുണ്ടെങ്കിലും, ഇതിന്റെ പത്ത് ശതമാനം കുടിശ്ശിക മാര്‍ച്ച് 31ഓടെ അടക്കണമെന്ന നിര്‍ദ്ദേശം വന്നതിന് പിന്നാലെയാണ് നിരക്ക് കൂട്ടുമെന്ന സൂചനയും ലഭിച്ചത്. കഴിഞ്ഞ ഡിസംബറില്‍ രാജ്യത്തെ കോള്‍, ഡേറ്റ നിരക്കുകള്‍ 40 ശതമാനം വരെ വര്‍ദ്ധിപ്പിച്ചിരുന്നു.

ആകെ 1.19 ലക്ഷം കോടിയാണ് ടെലികോം കമ്പനികളുടെ കുടിശ്ശിക. സ്‌പെക്ട്രം ഉപയോഗം, ലൈസന്‍സ് ഫീ ഇനത്തില്‍ സര്‍ക്കാരിന് ടെലികോം കമ്പനികള്‍ നല്‍കേണ്ട തുകയാണ് മൊത്ത വരുമാന കുടിശ്ശിക അഥവാ എജിആര്‍.

എയര്‍ടെല്‍ 43989 കോടിയും, വൊഡാഫോണ്‍, ഐഡിയ 58254 കോടിയുമാണ് എജിആര്‍ കുടിശിക ഇനത്തില്‍ അടുത്ത 10 വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കേണ്ടത്. ടാറ്റ ടെലി സര്‍വീസസ് 16798 കോടിയും നല്‍കണം.

Content Highlight: Mobile data rates in the country are expected to increase by 10% to meet Telecom Company’s arrears