കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ ഞാന്‍ തന്നെ; അവകാശവാദവുമായി പി.ജെ ജോസഫ്

കോട്ടയം: കേരളാ കോണ്‍ഗ്രസ്സിന്റെ വര്‍ക്കിങ് ചെയര്‍മാന്‍ താന്‍ തന്നെയാണെന്ന് അവകാശവാദവുമായി പി.ജെ ജോസഫ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നത്തെ കുറിച്ച് മാത്രമാണ് പറഞ്ഞതെന്നും ചെയര്‍മാന്‍ സ്ഛാനം ജോസ് കെ മാണിക്ക് നല്‍കിയിട്ടില്ലെന്നും ജോസഫ് പ്രതികരിച്ചു. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി സ്റ്റേ ചെയ്തു കൊണ്ടുള്ള ഇടുക്കി സബ് കോടതി വിധി ഇപ്പോഴും നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം തര്‍ക്കത്തിലേക്ക് കടക്കുന്നില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. ചിഹ്നത്തിന്റെ കാര്യം മാത്രമാണ് പറഞ്ഞത്, അതില്‍ റിട്ട് ഹര്‍ജി നല്‍കും. ജോസ് കെ മാണിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കും. ചെയര്‍മാനായി പ്രവര്‍ത്തിക്കാന്‍ പാടില്ല യോഗം വിളിക്കാന്‍ പാടില്ല എന്നതെല്ലാം നിലനില്‍ക്കുന്നു. തൊടുപുഴ കോടതിവിധിക്കെതിരെ 10 മാസം കഴിഞ്ഞിട്ടും അപ്പീല്‍ പോലും നല്‍കിയിട്ടില്ലെന്നും ജോസഫ് പറഞ്ഞു.

അതേസമയം, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിക്ക് പിന്നാലെ രാഷ്ട്രീയ പോരിന് ഒരുങ്ങുകയാണ് ജോസ് കെ മാണി വിഭാഗം. പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ച് വിജയിക്കുകയും, എന്നാല്‍ ജോസഫ് പക്ഷത്തേക്ക് പോകുകയും ചെയ്തവരെ തിരിച്ച് വരാത്ത പക്ഷം അയോഗ്യരാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ജോസ് കെ. മാണി അറിയിച്ചത്.

ജോസഫ് പക്ഷത്തേക്ക് പോയവര്‍ മടങ്ങിയെത്താത്ത പക്ഷം കൂറുമാറ്റ നിരോധന നിയമ പ്രകാരം നടപടിയെടുക്കുമെന്ന മുന്നറിയിപ്പാണ് ജോസ് കെ. മാണി കക്ഷികള്‍ക്ക് നല്‍കിയിരിക്കുന്നത്.

Content Highlight: I am the Working Chairman of the Kerala Congress; P J Joseph with claim