കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് സ്റ്റിറോയിഡുകൾ ഫലപ്രദമെന്ന് പുതിയ പഠനം. ലോകാരോഗ്യ സംഘടന നടത്തിയ ഏഴ് പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തൽ. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേർണലാണ് പഠനം പുറത്തുവിട്ടത്. പ്ലാസ്മ തെറാപ്പിയേക്കാൾ ഫലപ്രദമാണ് സ്റ്റിറോയിഡുകൾ എന്ന് പഠനത്തിൽ പറയുന്നുണ്ട്.
കൊവിഡിനെ പ്രതിരോധിക്കാൻ ലോകവ്യാപകമായി വാക്സിനുകൾ കണ്ടെത്തുന്നതിനുള്ള ശ്രമത്തിനിടയിലാണ് പുതിയ പഠനം പുറത്തുവരുന്നത്. സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നതു വഴി കൊവിഡ് മരണങ്ങൾ കുറക്കാൻ സാധിക്കുമെന്നും പഠനത്തിൽ പറയുന്നു. ഓക്സ്ഫോർഡ് സർവകലാശാലയാണ് സ്റ്റിറോയിഡുകൾ കൊവിഡിനെ പ്രതിരോധിക്കുമെന്നത് സംബന്ധിച്ച പഠനം നടത്തിയത്. സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നത് കൂടുതൽ അവസരങ്ങൾക്ക് വഴി തുറക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഓക്സ്ഫോർഡ് സർവകലാശാലയിലെ ഡോക്ടർ മാർട്ടിൻ ലാൻഡ്രേയ് പറഞ്ഞു.
ജൂണിൽ ഓാക്സ്ഫോർഡ് സർവകലാശാല നടത്തിയ മറ്റൊരു പഠനത്തിൽ ഡെക്സാമെതസോൺ എന്ന സ്റ്റിറോയിഡ് മരണ നിരക്ക് 35 ശതമാനത്തോളം കുറച്ചതായി കണ്ടെത്തിയിരുന്നു. സ്റ്റിറോയിഡ് നൽകി പരീക്ഷിച്ച 678 പേരിൽ 222 പേരാണ് മരിച്ചത്. കൊവിഡ് സാരമായി ബാധിച്ചവരിൽ സ്റ്റിറോയിഡ് മരുന്നുകൾ നൽകാൻ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം നിർദേശം നൽകിയിട്ടുണ്ട്.
content highlights: Steroids confirmed to help severely ill coronavirus patients, say studies