പരീശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്ന ഐപിഎസുകാർക്ക് സമ്മർദ്ദം ഒഴിവാക്കാൻ യോഗയും പ്രാണായാമവും നിർദേശിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിലെ സർദാർ വല്ലഭായ് പട്ടേൽ നാഷ്ണൽ പോലീസ് അക്കാദമിയിൽ നിന്നും പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്ന ഐപിഎസ് പ്രൊബേഷണറി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയയിരുന്നു അദ്ദേഹം. അതീവ സമ്മർദ്ദം അനുഭവിച്ചു കൊണ്ട് ജോലി ചെയ്യുമ്പോൾ യോഗയും പ്രാണായാമവും വളരെ പ്രധാനമാണെന്നും, എത്ര കഠിനമായ ജോലി ചെയ്താലും യോഗയും പ്രാണായാമവും ചെയ്യുന്ന ആൾക്ക് സമ്മർദ്ദം അനുഭവപെടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊവിഡ് കാലത്ത് രാജ്യത്തെ പോലീസ് സേന നടത്തിയ സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പോലീസ് നടത്തിയ പ്രവർത്തനങ്ങൾ മനുഷ്യത്വം വെളിപെടുത്തുന്നതായിരുന്നുവെന്നും മോദി വ്യക്തമാക്കി. യൂണിഫോമിന്റെ പേരിൽ അഭിമാനിക്കാനും അത് നൽകുന്ന അധികാരം ദുരുപയോഗം ചെയ്യരുതെന്നും പ്രധാനമന്ത്രി പോലീസ് ഉദ്യോഗസ്ഥരെ ഉപദേശിച്ചു. സിൻഗം പോലുള്ള സിനിമകൾ കണ്ട് ചില പോലീസ് ഉദ്യോഗസ്ഥർ സ്വയം വലിയവരാണെന്ന് വിചാരിക്കുന്നുണ്ടെന്നും അവർ ചെയ്യുന്ന നല്ല കാര്യങ്ങൾ പരിഗണിക്കാതെ പോകാൻ ഇത്തരം നടപടികൾ ഇടയാക്കുമെന്നും മോദി പറഞ്ഞു.
രാജ്യത്തെ യുവജനങ്ങൾ തെറ്റായ പാതയിലൂടെ സഞ്ചരിക്കുന്നത് തുടക്കം മുതലേ തടയേണ്ടത് ആവശ്യമാണെന്ന് തീവ്രവാദത്തെ കുറിച്ച് പരമാർശിക്കവെ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎസ് ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാൻ സാധിച്ചിട്ടില്ലെന്നും തന്റെ ഭരണകാലത്ത് ഒരിക്കലെങ്കിലും ഇവരെ കണ്ടു മുട്ടാൻ സാധിക്കുമെന്ന പ്രത്യാശയും മോദി പ്രകടിപ്പിച്ചു.
Content Highlights; Respect uniform, practice Yoga and ‘Pranayam’ to beat stress: PM Modi’s advice to IPS probationers