നവംബർ ഒന്നോടെ കൊവിഡ് വാക്സിൻ എത്തുമെന്ന് അമേരിക്ക; വിതരണത്തിന് തയ്യാറാകാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

US states told to be ready for vaccine distribution by November 1

നവംബർ ഒന്നോടെ കൊവിഡ് വാക്സിൻ വിതരണം ചെയ്യാൻ തയ്യാറാകാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി അമേരിക്ക. അമേരിക്കയുടെ രോഗ പ്രതിരോധ നിയന്ത്രണ കേന്ദ്ര തലവൻ റോബർട്ട് ഫീൽഡാണ് ഗവർണർമാർക്ക് കത്തയച്ചത്. നവംബർ- ഡിസംബർ മാസത്തോടെ ഒന്നോ അതിലധികമോ വാക്സിനുകൾ അമേരിക്കയിൽ യാഥാർത്ഥ്യമാകുമെന്നാണ് റെഡ് ഫീൽഡിന്റെ അവകാശവാദം. അടുത്ത വർഷത്തോടെ വൻ തോതിൽ വാക്സിൻ വിതരണം സാധ്യമാകുമെന്നും കത്തിൽ പറയുന്നു.

സിഡിസിയുമായി ചേർന്ന് പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും വാക്സിൻ വിതരണത്തിനായി മാക് കെസ്സൻ കോർപ്പറേഷനാണ് കരാർ എടുത്തിട്ടുള്ളതെന്നും കത്തിൽ വ്യക്തമാക്കി. കൊവിഡ് വാക്സിന്റെ ഗുണനിലവാരത്തെയും സുരക്ഷയെയും കുറിച്ച് ആശങ്ക വേണ്ടെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം പെട്ടെന്നുള്ള വാക്സിൻ വിതരണം പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുൻനിർത്തി രാഷ്ട്രീയ ലാഭത്തിനാണെന്നുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. അസോസിയേറ്റഡ് പ്രസ് ആണ് കത്തിലെ വിശദാംശങ്ങൾ പുറത്തു വിട്ടത്.

വാക്സിന്റെ സുരക്ഷയെ സംബന്ധിച്ച് ആരോഗ്യ പ്രവർത്തകർക്കിടയിൽ കടുത്ത ആശങ്കയാണുള്ളത്. അമേരിക്കയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷം കടന്നിരിക്കുകയാണ്. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ബ്രസീൽ രണ്ടാം സ്ഥാനത്തും ഇന്ത്യ മൂന്നാമതുമാണുള്ളത്. റഷ്യയുടെ കൊവിഡ് വാക്സിന് അനുമതി നൽകിയപ്പോൾ മരുന്ന് പരീക്ഷണ ത്തിന്റെ മുഴുവൻ ഘട്ടങ്ങളും കൃത്യമായി പൂർത്തിയാക്കിയില്ല എന്ന വിമർശനം ഉന്നയിച്ച അമേരിക്കക്കെതിരെയും ഇപ്പോൾ സമാന വിമർശനമാണുയരുന്നത്. അതിനിടെയാണ് 20 മിനുട്ട് കൊണ്ട് കൊവിഡ് ഫലം ലഭ്യമാകുന്ന പുതിയ പരിശോധന രീതി വികസിപ്പിക്കുന്നതിനായി ബ്രിട്ടൻ ഒരുങ്ങുന്നത്.

Content Highlights; US states told to be ready for vaccine distribution by November 1