വനംവകുപ്പ് കസ്റ്റഡിയില്‍ മരിച്ച മത്തായിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

പത്തനംതിട്ട: മരിച്ച് 40 ദിവസം പിന്നിട്ടിട്ടും സംസ്‌കരിക്കാതെ സൂക്ഷിച്ചിരുന്ന പി പി മത്തായിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ വിലാപ യാത്രയായി കുടപ്പനയില്‍ എത്തിക്കുന്ന ശരീരം, ഉച്ചയ്ക്ക് 3ന് കുടപ്പന സെന്റ് മേരീസ് ഓര്‍ത്തൊഡോക്‌സ് പള്ളിയിലാണ് സംസ്‌കരിക്കുന്നത്.

വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ അന്ന് വൈകിട്ട് വീടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് ഭാര്യ അന്വഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. രണ്ട് തവണ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷമാണ് മത്തായിയുടെ മൃതദേഹം സംസ്‌കരിക്കുന്നത്. ഭാര്യ ഷീബ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി മത്തായിയുടെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടിരുന്നു. കേസ് സിബിഐക്ക് വിടാന്‍ തയ്യാറാണന്ന് സര്‍ക്കാരും അറിയിച്ചിരുന്നു. സിബിഐ അന്വേഷണം ആരംഭിച്ചതോടെയാണ് രണ്ടാമത്തെ തവണയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയത്.

ജൂലൈയിലാണ് മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നത് വരെ മൃതദേഹം മറവു ചെയ്യില്ലെന്ന ഭാര്യയുടെ നിലപാടിലാണ് ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് സിബിഐയും കേസന്വേഷണം ആരംഭിച്ചത്.

Content Highlight: Funeral of Mathai will held today noon