വേട്ടയ്ക്ക് പോയ അഞ്ച് പേരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ട് പോയതായി റിപ്പോര്‍ട്ട്; അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: അരുണാചലിലെ സുബാന്‍സിരി ജില്ലയിലെ വനത്തില്‍ വേട്ടയ്ക്ക് പോയ അഞ്ച് പേരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ട് പോയതായി റിപ്പോര്‍ട്ട്. ഇന്ത്യ-ചൈന അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് സംഭവം നടന്നത്. സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട മറ്റ് രണ്ട് പേരാണ് പൊലീസിനെ വിവരം അറിയിച്ചത്.

അരുണാചലിലെ നാച്ചോ പ്രദേശത്ത് ഇന്നലെയാണ് സംഭവം നടത്തതെന്നാണ് കുടുംബാംഗങ്ങള്‍ നല്‍കുന്ന വിശദീകരണം. ടാഗിന്‍ ഗോത്ര വിഭാഗത്തില്‍പ്പെട്ട അഞ്ച് യുവാക്കളെയാണ് തട്ടിക്കൊണ്ട് പോയതെന്നാണ് റിപ്പോര്‍ട്ട്. വിഷയം ഇന്ത്യന്‍ സൈന്യവുമായി ചര്‍ച്ച ചെയ്യാന്‍ ബന്ധുക്കള്‍ പുറപ്പെട്ടതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ സൈന്യം ഇതുവരെ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.

ഇതേ സംഭവം ഇതിന് മുമ്പും നടന്നിട്ടുണ്ടെന്നും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സംഭവത്തിന് മറുപടി നല്‍കണമെന്നും പാസിഗട്ട് വെസ്റ്റ് എംഎല്‍എ നിനോങ് എറിങ് പറഞ്ഞു.

ഇന്ത്യ-ചൈന സൈനിക തലത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നടന്ന പല ചര്‍ച്ചകളും പരാജയപ്പെട്ടതിന് ഒടുവിലാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞദിവസം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചൈനയുടെ പ്രതിരോധമന്ത്ര ജനറല്‍ വെയ് ഫെംഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മെയ് ആദ്യം കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തി പ്രശ്‌നം വര്‍ധിച്ചശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യ മന്ത്രി തല കൂടിക്കാഴ്ചയായിരുന്നു ഇത്. പ്രകോപനം തുടരുന്ന പ്രദേശങ്ങളില്‍ ഇന്ത്യ സൈനിക സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്.

Content Highlight: Reports states Chinese army kidnapped 5 men from Arunachal Pradesh