കങ്കണയുടെ ഓഫീസ് പൊളിക്കുന്നതിന് സ്റ്റേ അനുവദിച്ച് ബോംബെ ഹൈക്കോടതി

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരും, നടി കങ്കണ റണാവത്തും തമ്മിലുള്ള പോരിനിടെ നടി കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിക്കുന്ന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. കെട്ടിടം പൊളിക്കുന്നത് തല്‍കാലം നിര്‍ത്തി വെക്കാനാണ് കോടതിയുടെ ഉത്തരവ്. കങ്കണയുടെ ഹര്‍ജിയില്‍ ഭൃഹത്ത് മുംബൈ കോര്‍പ്പറേഷനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്.

ബാദ്ര വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസിന്റെ നിര്‍മാണം അനധികൃതമാണെന്ന് ചൂണ്ടികാട്ടിയാണ് കങ്കണയ്ക്ക് മുംബൈ കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചത്. പുനര്‍നിര്‍മാണത്തിന്റെ പേരില്‍ കെട്ടിടത്തില്‍ അനുമതിയില്ലാതെ നിരവധി മാറ്റങ്ങള്‍ നടത്തിയതായി ചൊവ്വാഴ്ച പതിച്ച നോട്ടീസില്‍ പറയുന്നു. എന്നാല്‍ ആ വാദം നിഷേധിക്കുന്നതായി കങ്കണ പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മറുപടി തൃപ്തകരമല്ലാത്തതിനെത്തുടര്‍ന്നാണ് ജെസിബി അടക്കമുള്ളവ കൊണ്ടുവന്ന് കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചുമാറ്റാന്‍ ആരംഭിച്ചതെന്നാണ് കോർപ്പറേഷന്‍ നല്‍കുന്ന വിശദീകരണം.

നടന്‍ സുശാന്ത് സിങ്ങിന്റെ മരണത്തെ തുടര്‍ന്നുണ്ടായ വാക്പോരാണ് ഓഫീസ് പൊളിക്കല്‍ നടപടികളില്‍ എത്തിച്ചത്. മുംബൈ പാക് അധീന കശ്മീരാണെന്ന കങ്കണയുടെ ട്വീറ്റിനെ തുടര്‍ന്ന് വന്‍ വാക്‌പോര് ശിവസേന നേതാവ് സഞ്ജയ് റാവുത്തും കങ്കണയും തമ്മിലുണ്ടായിരുന്നു. കെട്ടിടം പൊളിക്കുന്ന ചിത്രം പങ്കു വെച്ച്, ഞാന്‍ പറഞ്ഞത് തെറ്റല്ലെന്ന് എന്റെ ശത്രുക്കള്‍ തെളിയിച്ചിരിക്കുകയാണെന്ന് കങ്കണ വീണ്ടും ട്വീറ്റ് ചെയ്തിരുന്നു.

ഇതിനുപുറമേ, മയക്കുമരുന്ന് ഉപയോഗിച്ചെന്ന ആരോപണത്തില്‍ കങ്കണ റണാവത്തിനെതിരേ പൊലീസ് അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

Content Highlight: Bombay High Court allowed Stay on demolition of Kangana Ranaut’s Office