തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ നീളുന്ന ഉപതെരഞ്ഞെടുപ്പിനെ സംബന്ധിച്ച് തീരുമാനം ഉറപ്പിക്കാന്‍ നാളെ സര്‍വ്വകക്ഷി യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. കുട്ടനാട്ടിലും, ചവറയിലും നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് നടത്തണമോയെന്ന കാര്യത്തില്‍ ഏകാഭിപ്രായം സ്വീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍വ്വകക്ഷി യോഗം ചേരുന്നത്. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിയെങ്കില്‍ മാത്രമേ ഉപ തെരഞ്ഞെടുപ്പ് ഉപേക്ഷിക്കാനുള്ള തീരുമാനത്തോട് യോജിക്കൂവെന്ന നിലപാടിലാണ് പ്രതിപക്ഷം.
മതിയായ കാരണങ്ങളില്ലാതെ ഉപ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം പിന്‍വലിക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരുന്നു. എന്നാല്‍, പ്രതിപക്ഷവുമായി യോജിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് ഏതാനും ആഴ്ച്ചകള്‍ നീട്ടാനുള്ള തീരുമാനം സ്വീകരിക്കാനാണ് എല്‍ഡിഎഫിന്റെ നീക്കം. വീഡിയോ കോണ്‍ഫറന്‍സ് വഴി നാളെ സര്‍വ്വകക്ഷി യോഗം ചേരാനാണ് തീരുമാനം.
അതേസമയം, കോവിഡ് 19 വ്യാപനം കണക്കിലെടുത്ത് രണ്ടു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നാണ് സര്‍ക്കാര്‍ അഭിപ്രായം. എല്ലാ കക്ഷികളും ഇക്കാര്യത്തില്‍ യോജിപ്പ് അറിയിച്ചെങ്കില്‍ മാത്രമേ തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അറിയിക്കൂ.
Content Highlight: Kerala Government to summon All Party Meeting tomorrow