മവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെയുള്ള യുഎപിഎ കേസുകൾ പിൻവലിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

Kerala govt approaches the supreme court against canceling UAPA Cases of Maoist Roopesh

ജയിലിൽ കഴിയുന്ന മാവോയിസ്റ്റ്‌ നേതാവ് രൂപേഷിനെതിരായ യുഎപിഎ കേസുകൾ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത യുഎപിഎ കേസുകൾ ഹെെക്കോടതി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേരളത്തിൻ്റെ നിലപാട് വ്യക്തമാക്കിയത്. സുപ്രീം കോടതിയിൽ അന്തിമ തീരുമാനം എടുക്കുന്നതുവരെ വിചാരണ കോടതികളെ തീരുമാനം എടുക്കുന്നതിൽ നിന്ന് പിൻവലിക്കമെന്നാണ് കേരളത്തിൻ്റെ ആവശ്യം. 

യുഎപിഎയ്ക്ക് സിപിഎം എതിരാണെന്ന നിലപാട് ആവർത്തിക്കുന്നതിനിടെയാണ് സർക്കാർ കോടതിയെ സമീപിച്ചത്. നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ച് രൂപേഷിനെതിരെ 2013ൽ കുറ്റ്യാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും 2014ൽ വളയം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസുകളിലേയുമാണ് യുഎപിഎ വകുപ്പുകൾ ഹെെക്കോടതി റദ്ദാക്കിയത്. മക്ഡൊണാൾഡ്, കെ.എഫ്.സി വിൽപ്പന കേന്ദ്രങ്ങൾ ആക്രമിച്ച കേസിൽ രൂപേഷിനെതിരെ ചുമത്തിയ യുഎപിഎ കഴിഞ്ഞ ദിവസം പാലക്കാട് കോടതി റദ്ദാക്കിയിരുന്നു. വളയം കുറ്റ്യാടി കേസിൽ ഹെെക്കോടതി പുറപ്പെടുവിച്ച വിധി ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണ കോടതിയുടെ നടപടി. 

2014 ഡിസംബർ 22നാണ് പാലക്കാട് ചന്ദ്രനഗറിലെ കെ.എഫ്.സി റസ്റ്റോറൻ്റിന് നേരെ ആക്രമണം ഉണ്ടായത്. കേസിൽ രൂപേഷ് ഭാര്യ ഷെെന ഉൾപ്പെടെ 9 പ്രതികളെയാണ് പാലക്കാട് പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയത്. ഇതിന് പിന്നാലെ തനിക്കെതിരായ മറ്റ് കേസുകളിലും സമാനമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രൂപേഷ് മറ്റ് ചില വിചാരണ കോടതികളിൽ ഹർജി നൽകിയിട്ടുണ്ട്. ഇതുൾപ്പെടെ പരിഗണിച്ചാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. 

content highlights: Kerala govt approaches the supreme court against canceling UAPA Cases of Maoist Roopesh