‘താന്‍ സമ്പന്നനല്ല, മതഗ്രന്ഥങ്ങള്‍ തിരിച്ചയക്കാന്‍ തയാറെ’ന്ന് കെ ടി ജലീല്‍

കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായ സ്വപ്‌ന സുരേഷടക്കമുള്ള പ്രതികളിലുള്ള അന്വേഷണത്തിനൊടുവില്‍ ആരോപണ വിധേയനായ മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ്. താന്‍ സമ്പന്നനല്ലെന്നും തനിക്ക് പത്തൊമ്പതര സെന്റ് സ്ഥലം മാത്രമാണുള്ളതെന്നും ജലീല്‍ ഇഡിയോട് വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തില്‍ ചെയ്തത് തെറ്റാണെന്ന് കരുതുന്നില്ലെന്നും മതഗ്രന്ഥങ്ങള്‍ തിരിച്ചയക്കാന്‍ തയാറാണെന്നും അറിയിച്ചു.

മതഗ്രന്ഥം വിതരണം ചെയ്ത സംഭവം, സ്വപ്നയടക്കം കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടവരുമായി മന്ത്രിക്കുള്ള പരിചയം, അദ്ദേഹത്തിന്റെ ആസ്തിവകകള്‍ തുടങ്ങിയവ സംബന്ധിച്ചായിരുന്നു പ്രധാന ചോദ്യങ്ങളെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്‌നയും സരിത്തുമായി നടത്തിയത് തീര്‍ത്തും ഔദ്യോഗികമായ കൂടിക്കാഴ്ച്ച മാത്രമായിരുന്നെന്നും ജലീല്‍ വ്യക്തമാക്കി. മതഗ്രന്ഥം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈവശമുണ്ടെന്ന് ജലീല്‍ അറിയിച്ചു.

താന്‍ സമ്പന്നനല്ല. തനിക്ക് പത്തൊമ്പതര സെന്റ് സ്ഥലം മാത്രമാണുള്ളത്. ഒന്നര ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. 3.5 ലക്ഷം രൂപ ട്രഷറിയില്‍ ഉണ്ട്. സ്വന്തമായി വാഹനമോ സ്വര്‍ണമോ ഇല്ലെന്നും ജലീല്‍ ഇഡിയോട് പറഞ്ഞു. എന്നാല്‍ ജലീല്‍ പറഞ്ഞ പല കാര്യങ്ങളിലും പൊരുത്തക്കേടുണ്ടെന്നാണ് അനേവഷണ സംഘത്തിന്റെ വിലയിരുത്തല്‍.

Content Highlight: K T Jaleel explained questions from ED