പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍. സിബിഐയോട് പൂര്‍ണ നിസഹരണമായിരുന്നു പൊലീസ് കാണിച്ചത്. ഡിജിപിക്കും ക്രൈംബ്രാഞ്ച് മേധാവിക്കുമായി നാല് തവണ സിബിഐ കേസ് രേഖകള്‍ തേടി കത്ത് നല്‍കിയിട്ടും കേസ് ഡയറിയോ മറ്റ് രേഖകളോ കൈമാറാന്‍ പൊലീസ് തയാറായിരുന്നില്ല.

ഓഗസ്റ്റ് 25ന് കേസന്വേഷണം സിബിഐയ്ക്ക് വിട്ട സിംഗിള്‍ ബഞ്ച് ഉത്തരവിനെ ഡിവിഷന്‍ ബഞ്ചും ശരി വെച്ചിരുന്നു. കേസില്‍ ഹൈക്കോടതി കുറ്റപത്രം റദ്ദാക്കിയിട്ടില്ലാത്തതിനാല്‍ ഇത് ചൂണ്ടികാട്ടിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ചിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് ഹൈക്കോടതി കേസന്വേഷണം സിബിഐയ്ക്ക് വിട്ടത്. പൊലീസന്വേഷണത്തില്‍ രാഷ്ട്രീയചായ്‌വുണ്ടോ എന്ന് സംശയിക്കുന്നുവെന്നടക്കം സിംഗിള്‍ ബഞ്ച് ഉത്തരവില്‍ പറഞ്ഞിരുന്നു.

ക്രൈംബ്രാഞ്ച് അന്വേഷണം അപൂര്‍ണവും, വസ്തുതാപരമല്ലാത്തതുമെന്ന് ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ പറയുന്നു. ഗൂഢാലോചന സംബന്ധിച്ച പല നിര്‍ണായക വിവരങ്ങളും വേണ്ട രീതിയില്‍ അന്വേഷിച്ചില്ല. പല കണ്ടെത്തലുകളിലും ആഴത്തിലുള്ള അന്വേഷണം നടത്തണ്ടതായിരുന്നു. സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസില്‍ പല സാക്ഷികളെയും വേണ്ട രീതിയില്‍ ചോദ്യം ചെയ്തില്ല. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിലും പരിശോധിക്കുന്നതിലും വീഴ്ച ഉണ്ടായി. സംശയാസ്പദമായ പല കാര്യങ്ങളിലും വേണ്ട രീതിയില്‍ അന്വേഷണം നടന്നില്ലെന്നും കോടതി വിമര്‍ശിക്കുന്നു. ഇത് കേസിന്റെ നിലനില്‍പിനെ തന്നെ ബാധിക്കാവുന്ന വീഴ്ചയെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

9 മാസം മുന്‍പ് വാദം പൂര്‍ത്തിയാക്കിയിട്ടും വിധി പറയാത്ത കേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചതിന് പിറകെയാണ് അപ്പീല്‍ ഹര്‍ജിയില്‍ വിധി വന്നത്.

Content Highlight: Kerala Government move to SC on Periya Twin Murder