ഇ.ഡി ക്കു പിന്നാലെ മന്ത്രി കെ.ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ കൊച്ചി എന്‍ഐഎ ഓഫീസില്‍ മന്ത്രി കെ ടി ജലീല്‍ ഹാജരായി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് മന്ത്രിയെ വിളിപ്പിച്ചതെന്നാണ് വിവരം. പ്രോട്ടോക്കോള്‍ ഓഫീസറില്‍ നിന്നടക്കം എന്‍ഐഎ വിശദമായ മൊഴി ശേഖരിച്ചിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി നയതന്ത്ര ബാഗേജുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന പ്രോട്ടോക്കോള്‍ ഓഫീസറുടെ മറുപടിക്ക് ശേഷമാണ് വിശദമായ മൊഴി രേഖപ്പെടുത്തിയത്. കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ രാവിലെ ആറുമണിയോടെ ജലീല്‍ എത്തിയതായാണ് വിവരം. സ്വകാര്യ വാഹനത്തിലാണ് ഇദ്ദേഹം എത്തിയത്. പ്രധാനമായും മാര്‍ച്ച് നാലിന് എത്തിയ നയതന്ത്ര ബാഗേജിനെപ്പറ്റിയാണ് ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.

ലെഡ്ജര്‍ അടക്കമുളള കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെന്ന് എന്‍.ഐ.എ പ്രോട്ടോക്കോള്‍ ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷമാണ് മന്ത്രിയെ ചോദ്യം ചെയ്യുന്നത്. 4478 കിലോഗ്രാം ഭാരമാണ് നയതന്ത്ര ബാഗേജിന് ഉണ്ടായിരുന്നത്. മതഗ്രന്ഥങ്ങളല്ലാതെ മറ്റെന്താണ് ബാഗേജില്‍ ഉണ്ടായിരുന്നത് എന്ന് സംബന്ധിച്ച അന്വേഷണവും നടത്തുന്നുണ്ട്.

എന്നാല്‍, പ്രോട്ടോക്കോള്‍ ലംഘനത്തെക്കുറിച്ച് അറിവില്ലായിരുന്നെന്നും ഔദ്യോഗിക ഇടപെടല്‍ മാത്രമാണ് സ്വപ്‌നയുമായും യുഎഇ കോണ്‍സുലേറ്റുമായും നടത്തിയിട്ടുള്ളതെന്നായിരുന്നു ജലീലിന്റെ മൊഴി. മന്ത്രിയെത്തിയതോടെ എന്‍ഐഎ കവാടത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Content Highlight: NIA questions Minister K T Jaleel