കൊവിഡ് ബാധിച്ച് മരിച്ചവർക്ക് അന്തിമകർമ്മം നിർവഹിക്കാൻ ബന്ധുക്കൾക്ക് അനുമതി നൽകി കൊൽക്കത്ത ഹൈക്കോടതി. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു കൊണ്ട് ആചാരമനുസരിച്ച് കർമങ്ങൾ നിർവഹിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കൊവിഡ് ബാധിച്ച് മരണപെട്ടവരുടെ മൃതദേഹം കാണുന്നതിനും അന്തിമ കർമ്മങ്ങൾ നിർവഹിക്കുന്നതിനുമുള്ള അവസരം ലഭ്യമാകണമെന്ന് ചീഫ് ജസ്റ്റിസ് ടി ബി രാധാകൃഷ്ണൻ, ജസ്റ്റിസ് അർജിത് ബാനർജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കൊവിഡിനിരയായ വ്യക്തിയുടെ കുടുംബത്തിന് മൃതദേഹം സംസ്കരിക്കുന്നതിന് മുൻപ് അന്തിമ കർമ്മം നിർവഹിക്കാനുള്ള അവകാശം ഭരണഘടനയുടെ 21-ാം വകുപ്പ് ഉറപ്പു നൽകുന്ന മൌലികാവകാശത്തിന്റെ പരിധിയിൽ ഉൾപെടുമെന്ന് കോടതി നിരീക്ഷിച്ചു. ജീവിച്ചിരിക്കുന്നവർക്ക് മാത്രമല്ല, മരിച്ച വ്യക്തിക്കും ഭൌതികാവശിഷ്ടങ്ങൾ സംബന്ധിച്ച് ഭരണഘടനയുടെ 21-ാം വകുപ്പ് ഉറപ്പു നൽകുന്ന മൌലികാവകാശത്തിനു അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി.
കുടുംബാംഗങ്ങൾക്ക് അന്തിമ കർമത്തിനുള്ള അവകാശം നിഷേധിക്കുക വഴി അനൌപചാരികവും അന്തസില്ലാത്തതുമായ രീതിയിലാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം നടത്തുന്നതെന്ന് കാണിച്ചു കൊണ്ട് സമർപ്പിച്ച ഹർജി പരിഗണിച്ചു കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ അന്തിമകർമം നിർവഹിക്കുന്ന ബന്ധുക്കൾ രോഗ പ്രതിരോധത്തിനാവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
Content Highlights; Calcutta High Court allows kin of coronavirus victims to perform last rites