ജലീലിനെതിരെ സമരം; റെക്കോര്‍ഡിട്ട് കേസും അറസ്റ്റും

തിരുവനന്തപുരം: തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത പൊലീസ് കേസിലും, അറസ്റ്റിലും റെക്കോര്‍ഡ് തിരുത്തി മന്ത്രി കെ ടി ജലീലിനെതിരെ നടന്ന സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍. കഴിഞ്ഞ എട്ട് ദിവസത്തെ തുടര്‍ച്ചയായ സമരത്തിനൊടുവില്‍ 3000 പേര്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.

സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന സമരത്തില്‍ 25 എഫ്‌ഐആറുകളിലായാണ് 3000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 500 പേരെ അറസ്റ്റ് ചെയ്തു. കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന്റെ ചരിത്രത്തിലാദ്യമായാണ് എട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്.

ബിജെപി, യുവമോര്‍ച്ചാ, മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കൂടുതല്‍ കേുകളും ചുമത്തിയിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെയും കേസുണ്ട്. സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കും അഞ്ച് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

കൊവിഡ് മാനദണ്ഡലംഘനത്തിനടക്കമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പകര്‍ച്ചവ്യാധി നിരോധന നിയമ പ്രകാരം എല്ലാവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. സംഘം ചേരല്‍, പോലീസിനെ ആക്രമിക്കല്‍, സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ അടക്കമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. എന്നാല്‍ പൊതുമുതല്‍ നശിപ്പിച്ചതിനെതിരേയുള്ള വകുപ്പ് ആര്‍ക്കെതിരേയും ചുമത്തിയിട്ടില്ല.

Content Highlights: Case filed against 3,000 protesters demanding KT Jaleel ‘s resignation